ജീവിതനിലവാര സൂചിക: ഏഷ്യയിലെ 62 നഗരങ്ങളിൽ മൂന്നാമതെത്തി ദോഹ
നംബിയോ ആണ് പട്ടിക തയ്യാറാക്കിയത്


ദോഹ: ജീവിതനിലവാര സൂചികയിൽ വൻകരയിൽ മുൻനിരയിൽ ഇടം പിടിച്ച് ഖത്തർ തലസ്ഥാനമായ ദോഹ. നംബിയോ പുറത്തുവിട്ട റിപ്പോർട്ടിൽ ഏഷ്യയിലെ 62 നഗരങ്ങളിൽ ദോഹ മൂന്നാമതെത്തി. പൊതുജനങ്ങളുടെ വാങ്ങൽ ശേഷി, സുരക്ഷ, ആരോഗ്യ സംരക്ഷണ നിലവാരം, ജീവിതച്ചെലവ്, ഗതാഗത യാത്രാസമയം, മലിനീകരണ നിലവാരം, കാലാവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് നംബിയോ നഗരങ്ങളെ വിലയിരുത്തുന്നത്.
ജീവിതനിലവാര സൂചികയിൽ മികച്ച നേട്ടം കൊയ്ത ദോഹ, വാങ്ങൽ ശേഷിയിൽ നിരവധി നഗരങ്ങളെ പിന്നിലാക്കി. സുരക്ഷാ സൂചികയിലും ആരോഗ്യ സംരക്ഷണ സൂചികയിലും മികച്ച സ്ഥാനം നേടിയപ്പോൾ ജീവിതച്ചെലവ് സൂചികയിൽ ശരാശരിക്കും താഴെയായി. അബൂദബി, മസ്‌കത്ത് എന്നീ നഗരങ്ങളാണ് റാങ്കിങ്ങിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ. രാജ്യത്തിന്റെ വിവിധ മേഖലയിലെ സാമ്പത്തിക കുതിപ്പിന്റെ ഫലം കൂടിയാണ് ജീവിതനിലവാര സൂചികയിലെ പ്രകടനം. എണ്ണ, വാതക മേഖലകൾക്കപ്പുറം സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുന്നതും ജീവിത നിലവാരം ഉയർത്താൻ സഹായകമായി.