'ഫലസ്തീൻ പ്രശ്‌നത്തിനുള്ള പരിഹാരം ദ്വിരാഷ്ട്ര ഫോർമുല മാത്രം'; നിലപാട് വ്യക്തമാക്കി ഖത്തർ
ദോഹ: ഫലസ്തീൻ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഏക മാർഗം ദ്വിരാഷ്ട്ര ഫോർമുലയാണെന്ന് ഖത്തർ.ഗസ്സക്കാരെ ഈജിപ്തും ജോർദാനും ഏറ്റെടുക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി. ഖത്തറിന്റെ നിലപാട് വ്യക്തമാണ്. ഫലസ്തീൻ ജനതയ്ക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കണം, അതിനുള്ള ഏകമാർഗം ദ്വിരാഷ്ട്ര ഫോർമുലയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി ട്രംപ് ഭരണകൂടവുമായും ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും ചർച്ചകൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ഖത്തറിന്റെ നിലപാട് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിന്റെ രണ്ടാംഘട്ട കരാറിന് വേണ്ടിയുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഇരുഭാഗത്ത് നിന്നും പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ വലിയ തോതിലുള്ള കരാർ ലംഘനങ്ങൾ ഉണ്ടായിട്ടില്ലെന്നും മധ്യസ്ഥത വഹിക്കുന്ന ഖത്തർ വ്യക്തമാക്കി.