മെസി എവിടെ കളിച്ചാലും ആരാധകർക്ക് ആഘോഷമാണെന്ന് ഹെർനൻ ക്രെസ്‌പോ
Update: 2023-01-16 05:14 GMT


ലയണൽ മെസി ലോകത്ത് എവിടെ കളിച്ചാലും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവർക്ക് അത് ആഘോഷമാണെന്ന് ഹെർനൻ ക്രെസ്‌പോ അഭിപ്രായപ്പെട്ടു. മെസി സൗദി അറേബ്യൻ ക്ലബിൽ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ കുറിച്ചുള്ള ചോദ്യത്തിനാണ് ക്രെസ്‌പോ ഇത്തരത്തിലൊരു മറുപടി നൽകിയത്.
ഖത്തർ സ്റ്റാർസ് ലീഗിൽ പ്രമുഖരായ അൽ ദുഹൈൽ എഫ്.സിയുടെ പരിശീലകനാണ് അർജന്റീനയുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ ഹെർനൻ ക്രെസ്‌പോ. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദിയിലേക്ക് എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഹെർനൻ ക്രെസ്‌പോ.
മെസിയുടെ പേര് ലോകത്തെ പല സ്ഥലങ്ങളുമായി ബന്ധപ്പെട്ടും ഉയർന്നു കേൾക്കുന്നുണ്ട്. സൗദി അതിലൊരു ഇടമാണ്. മെസി ലോകത്ത് എവിടെ കളിച്ചാലും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവർ അത് ആഘോഷമാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.