ഖത്തറിന്റെ എണ്ണയിതര സമ്പദ്‌വ്യവസ്തയിൽ ലോകകപ്പ് ഫുട്‌ബോൾ കുതിപ്പുണ്ടാക്കി: ഐ.എം.എഫ്
ദോഹ: ലോകകപ്പ് ഫുട്ബോൾ ഖത്തറിന്റെ പെട്രോളിയം ഇതര സാമ്പത്തിക വൈവിധ്യവത്കരണം ത്വരിതപ്പെടുത്തിയതായി അന്താരാഷ്ട്ര നാണയനിധി. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലോകകപ്പ് കാലത്തെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്നും ഐഎംഎഫ് റിപ്പോർട്ടിലുണ്ട്.
സാമ്പത്തിക വൈവിധ്യവത്കരണത്തിനുള്ള ഖത്തറിന്റെ വിഷൻ 2030നെ സാധൂകരിക്കുന്നതാണ് ഐഎംഎഫിന്റെ റിപ്പോർട്ട്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് നടത്തിയ നിക്ഷേപങ്ങൾ വൈവിധ്യ വത്കരണത്തെ ഏറെ സഹായിച്ചിട്ടുണ്ട്. പൊതു സ്ഥാപനങ്ങളാണ് ഖത്തർ സമ്പദ്ഘടനയുടെ ആണിക്കല്ല്, സ്വകാര്യമേഖലയ്ക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ടുള്ള മാറ്റമാണ് വൈവിധ്യവത്കരണത്തിലെ പ്രധാന വെല്ലുവിളി, ഈ മാറ്റത്തിന് മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷവും ഉൽപാദനവും കൂട്ടണമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.
ലോകകപ്പ് ഫുട്ബോളിന് ശേഷവും ഖത്തറിന്റെ സമ്പദ്ഘടന ശക്തമാണ്. എണ്ണ, പ്രകൃതി വാതക മേഖലയ്ക്ക് പുറത്തുനിന്നുള്ള വരുമാനത്തിൽ വർധനയുണ്ട്. വിനോദ സഞ്ചാരമേഖലയിലും വലിയ കുതിപ്പാണ് ലോകകപ്പിന് ശേഷമുണ്ടായത്. സന്ദർശകരുടെ വരവ് കോവിഡിന് മുമ്പുള്ളതിനേക്കാൾ രണ്ട് മടങ്ങ് വർധിച്ചിരുന്നു.2011 മുതൽ തുറമുഖങ്ങളും റോഡുകളും മുതൽ മെട്രോ, വിമാനത്താവളങ്ങൾ വരെയുള്ള അടിസ്ഥാന സൗകര്യ വികസനമുണ്ടായി. തൊഴിൽ വിപണിയുടെയും ബിസിനസ്സ് പരിസ്ഥിതി പരിഷ്‌കാരങ്ങളുടെയും സമഗ്രമായ വളർച്ചയിലൂടെ വാർഷിക ഹൈഡ്രോകാർബൺ ഇതര വളർച്ച മൂന്ന് ശതമാനം പോയിന്റ് വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.