ഹജ്ജിന് ശേഷം രണ്ടര ലക്ഷത്തിലധികം ഹാജിമാർ മദീനയിലെത്തി
ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കിയിട്ടില്ലാത്തവരാണ് ഇപ്പോൾ പ്രവാചക നഗരിയിലെത്തുന്നത്
മദീന: ഹജ്ജിന് ശേഷം ഇത് വരെ രണ്ടര ലക്ഷത്തിലധികം തീർഥാടകർ മദീന സന്ദർശിക്കാനെത്തി. ഇതിൽ ഒന്നേക്കാൽ ലക്ഷത്തിലധികം പേർ സ്വദേശങ്ങളിലേക്ക് തിരിച്ച് പോയി. ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കിയിട്ടില്ലാത്തവരാണ് ഇപ്പോൾ പ്രവാചക നഗരിയിലെത്തുന്നത്.
ഹജ്ജിനായി മക്കയിലേക്ക് നേരിട്ടെത്തിയ തീർഥാടകരാണ് ഇപ്പോൾ മദീന സന്ദർശനത്തിലുള്ളത്. ഹജ്ജിന് ശേഷം ഞായറാഴ്ച വരെ 259,514 ഹാജിമാർ പ്രവാചക നഗരിയിലെത്തി. അതിൽ 126,997 പേർ മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. ശേഷിക്കുന്ന 132,499 തീർഥാടകർ ഇപ്പോൾ മദീന സന്ദർശനം തുടരുകയാണ്.
ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മദീന സന്ദർശനത്തിലുള്ള ഹാജിമാരിൽ മലയാളി തീർഥാടകരും ഉണ്ട്. മക്കയിൽ നിന്ന് റോഡ് മാർഗവും, വിമാന മാർഗവും, ഹറമൈൻ അതിവഗേ ട്രെയിനിലുമായാണ് ഹാജിമാർ മദീനയിലെത്തുന്നത്.
24,552 ഹാജിമാർ ഞായറാഴ്ടച മദീനയിലത്തി. അതിൽ 20,777 പേർ 124 വിമാനങ്ങളിലായാണ് എത്തിയത്. ഹറമൈൻ അതിവേഗ ട്രെയിനിൽ 63 ട്രിപ്പുകളിലായി 2,110 തീർഥാടകരും ഞായറാഴ്ച മദീനയിലെത്തി. കൂടാതെ റോഡ് മാർഗം 48 പേരും എത്തിയിട്ടുണ്ട്.
ഹാജിമാർ മദീനയിലേക്ക് ഒഴുകി തുടങ്ങിയതോടെ മദീനയിലെ താമസ കേന്ദ്രങ്ങളിൽ 44 ശതമാനവും നിറഞ്ഞു. 68,341 തീർഥാടകർക്ക് ഇത് വരെ ചികിത്സ നൽകിയതായും ഹജ്ജ് ആൻഡ് വിസിറ്റ് കമ്മിറ്റിയുടെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.