എണ്ണവിലയിലെ മാറ്റങ്ങൾ ഇനി സമ്പത്ത് വ്യവസ്ഥയെ ബാധിക്കില്ല: സൗദി ധനമന്ത്രി
എണ്ണ ഇതര വരുമാനം 154% വർധിച്ചു
റിയാദ്: ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ ഇനി സൗദി സമ്പത്ത് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു. രാജ്യത്ത് എണ്ണ ഇതരവരുമാനത്തിൽ വലിയ കുതിച്ചുചാട്ടം നടത്താനായതായും അദ്ദേഹം പറഞ്ഞു. 2025ലെ ബജറ്റ് അവതരണത്തിനു മുന്നോടിയായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
2016 മുതൽ 2024 വരെ രാജ്യത്ത് എണ്ണ ഇതര വരുമാനം 154 ശതമാനം വർധിച്ചതായാണ് കണക്കുകൾ. എണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ രാജ്യത്തെ ബാധിക്കാത്ത ഘട്ടത്തിലേക്ക് സമ്പത്ത് വ്യവസ്ഥ എത്തിയെന്നും സ്വകാര്യമേഖലയുടെയും ചെറുകിട സംരംഭങ്ങളുടെയും വളർച്ചയിൽ വലിയ കുതിച്ചുചാട്ടം നടത്താൻ ആയതായും ധനമന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയിൽ 23.4 ശതമാനം തൊഴിൽ വർധനവ് നേടാനും രാജ്യത്തിന് ആയിട്ടുണ്ട്. ടൂറിസം, വിനോദം, റിയൽഎസ്റ്റേറ്റ് മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിക്കാനായി. ജി20 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ പൊതു കടമുള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക വികസനം, തുടങ്ങിയ മേഖലയിൽ ബജറ്റിൽ 526 ബില്യൺ റിയാൽ നീക്കിവെച്ചിട്ടുണ്ട്. 2027 ഓടെ രാജ്യത്തിന്റെ ചെലവുകൾ 1.4 ട്രില്യൻ റിയാൽ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ പണപ്പെരുപ്പം ഉയർന്ന നിലയിലെത്തുമ്പോഴും രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനായിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'പുതുതായി നികുതികൾ ചുമത്താൻ പദ്ധതിയില്ല'
സൗദിയിൽ പുതുതായി നികുതികൾ ചുമത്താൻ പദ്ധതിയില്ലെന്ന് സൗദി ധകാര്യമന്ത്രി പറഞ്ഞു. 2024നെ അപേക്ഷിച്ച് 2025ലെ ബജറ്റ് കൂടുതൽ മികച്ചതാവും. ബഡ്ജറ്റ് സംബന്ധിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് അൽ ജദ്ആൻ.
നികുതി രീതി കാര്യക്ഷമമാക്കാനാണ് ഗവൺമെൻറ് ഉദ്ദേശ്യമെന്നും ജനങ്ങളിൽ അധികഭാരം നൽകി പുതുതായി നികുതികൾ ചുമത്താൻ പദ്ധതിയില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ബജറ്റിൽ 55 ബില്യൺ റിയാൽ പൊളിച്ച കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തിനും മറ്റും മാറ്റിവച്ചിരുന്നു. ഇത്തരം അധിക ചിലവുകൾ പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. സൗദിയിൽ നടന്നുവരുന്ന വലിയ പദ്ധതികളുടേ പ്രവർത്തനങ്ങളിൽ മാറ്റമില്ലാതെ തുടരും. ഇതിനുള്ള ധന സഹായം ലഭ്യമാകുന്നതും തുടരും. പദ്ധതികളിലെ ആവശ്യം പരിഗണിച്ച് പൂർത്തിയാക്കുന്ന സമയത്തിൽ മാത്രമാണ് മാറ്റങ്ങൾ വന്നിട്ടുള്ളത്. പ്രധാന പദ്ധതികൾ നിർത്തിവെക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ സ്വപ്ന പദ്ധതിയായ ദി ലൈൻ ഉൾപ്പടെ നിർമാണ പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌ന് കിഴിൽ 150 ബില്യൺ നിക്ഷേപം ഉറപ്പുവരുത്തുമെന്നും മന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞു
അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ തുക
അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ തുക വകയിരുത്തി സൗദി അറേബ്യ. ഗതാഗത മേഖല, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബഹിരാകാശം, വ്യവസായം, തുടങ്ങി മേഖലകളിൽ കൂടുതൽ പദ്ധതികൾ. 4200 കോടി റിയാലാണ് ഇതിനായി ബജറ്റിൽ വകിയിരുത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സുപ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റലൈസേഷൻ, തപാൽ സേവനങ്ങൾ, ബഹിരാകാശം, വ്യാവസായിക നഗരങ്ങൾ എന്നിവയ്ക്ക് പുറമേ, റിയൽ എസ്റ്റേറ്റ്, ആശയവിനിമയം, വിവര സാങ്കേതിക വിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ നിർമാണത്തിലും വികസനത്തിലും ഈ മേഖല ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 18 സർക്കാർ ഏജൻസികളുടെ മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പിലാകുക.