ഓണ്‍ലൈന്‍ ഡെലിവറികളിലെ പരാതി 7 ദിവസത്തിനകം പരിഹരിക്കണമെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി
റമദാന്‍ - ചെറിയപെരുന്നാള്‍ പര്‍ച്ചേസുകള്‍ നേരത്തെ പൂർത്തിയാക്കണം
സൗദി: സൗദിയില്‍ ഓണ്‍ലൈന്‍ ഡെലിവറി ഓര്‍ഡറുകളിലെ പരാതി പരമാവധി ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പരിഹരിച്ചില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയെ നേരിട്ട് സമീപിക്കാമെന്നും അതോറിറ്റി വ്യക്തമാക്കി. റമദാന്‍ ഈദുല്‍ ഫിത്വര്‍ പര്‍ച്ചേസുകള്‍ നേരത്തെ നടത്താന്‍ ഇ-കൊമേഴസ് ഉപഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു.
ഓണ്‍ലൈന്‍ ഡെലിവറി സംബന്ധമായ ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന് കമ്പനികള്‍ക്ക് ഏഴ് പ്രവര്‍ത്തി ദിവസമാണ് അനുവദിച്ചുട്ടുള്ളതെന്ന് സൗദി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതിനു ശേഷവും പരാതിയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഉപഭോക്താവിന് നേരിട്ട് അതോറിറിറിയെ സമീപിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
സീസണല് തിരക്കുകള്‍ കുറക്കുന്നതിന്റെ ഭാഗമായി റമദാന്‍ ചെറിയപെരുന്നാള്‍ പര്‍ച്ചേസുകള്‍ നേരത്തെ പൂര്‍ത്തിയാക്കാന്‍ ഇ-കൊമേഴ്‌സ് ഉപഭോക്തക്കളോട് വാണിജ്യ മന്ത്രാലയവും ഗതാഗത അതോറിറ്റിയും ആവശ്യപ്പെട്ടു. ഉപഭോക്താക്കള്ക്ക് മികച്ച സേവനം ഉറപ്പ് വരുത്തുന്നതിനും സേവനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നും മന്ത്രാലം വിശദീകരിച്ചു. വാണിജ്യ സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഷഅബാന്‍ പത്ത് മുതല്‍ തന്നെ സ്ഥാപനങ്ങളില്‍ റമദാന്‍ പെരുന്നാള്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി.