ഉംറ തീർഥാടനത്തിന് പോകവേ വാഹനാപകടം: സൗദി - ഒമാൻ അതിർത്തിയിൽ മരിച്ചവർക്ക് കണ്ണീരോടെ വിടനൽകി

ഉംറക്ക് പുറപ്പെട്ട ആർ എസ് സി ഒമാൻ നാഷനൽ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്

Update: 2025-04-01 12:05 GMT
farewell to those who died in a car accident on their way to perform Umrah pilgrimage at Saudi-Oman border
AddThis Website Tools
Advertising

ദമ്മാം, അൽ ഹസ്സ: ഒമാനിൽനിന്ന് ഉംറ തീർഥാടനത്തിനു പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് കൂട്ടുകാരും ബന്ധുക്കളും ചേർന്ന് കണ്ണീരോടെ വിടനൽകി. പെരുന്നാൾ അവധിയിൽ റോഡ് മാർഗം ഉംറക്ക് പുറപ്പെട്ട രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഒമാൻ നാഷനൽ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ശിഹാബിന്റെ ഭാര്യ സഹല മുസ്‌ലിയാരകത്ത് (30), മകൾ ഫാത്വിമ ആലിയ (7), മിസ്വ്അബ് കൂത്തുപറമ്പിന്റെ മകൻ ദക്‌വാൻ (6) എന്നിവരാണ് അപകടത്തെ തുടർന്ന് മരിച്ചത്. ഇവരുടെ മൃതദേഹം അൽ ഹസ്സ സ്വാലിഹിയ ഖബർസ്ഥാനിൽ ഇന്ന് ളുഹർ നിസ്‌കാര ശേഷം ഖബറടക്കി.

ആലിയ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ദക്‌വാൻ ബത്ഹ ആശുപത്രിയിലും സഹ്‌ല അൽ ഹസയിലെ കിങ് ഫഹദ് ആശുപത്രിയിലുമാണ് മരിച്ചത്. ശിഹാബ്, മിസ്അബ്, രണ്ടുപേരുടെയും ഇളയ മക്കൾ എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മിസ്അബിന്റെ ഭാര്യ ഹഫീന അൽ ഹസ്സയിലെ ഹുഫൂഫ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒമാൻ-സഊദി അതിർത്തി പ്രദേശമായ ബത്ഹയിൽ പെരുന്നാൾ ദിവസം രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഐ സി എഫ്, ആർ എസ് സി പ്രവർത്തകരാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. സഹപ്രവർത്തകരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനും സമാധാനിപ്പിക്കുന്നതിനുമായി ഒമാനിൽ നിന്ന് ആർ എസ് സി ഗ്ലോബൽ സെക്രട്ടറി നിഷാദ് അഹ്‌സനിയുടെ നേതൃത്വത്തിൽ ഒരു സംഘം അൽ ഹസ്സയിൽ നേരിട്ടെത്തി. ഓഫീസുകൾ ഈദുൽ ഫിത്വർ അവധിയിലായിരുന്നിട്ടും ആവശ്യമായ കടലാസു വർക്കുകൾ കാലതാമസമില്ലാതെ പൂർത്തീകരിക്കാൻ സാധിച്ചത് കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ ഇടപെടലിലൂടെയാണ്. ശരീഫ് സഖാഫി, ഹാശിം മുസ്‌ലിയാർ, ഫൈസൽ ഉള്ളണം, ജിഷാദ് ജാഫർ, റഷീദ് വാടാനപ്പള്ളി, അബൂത്വാഹിർ എന്നിവർ വിവിധ സന്ദർഭങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു. ബഷീർ ഉള്ളണം, കബീർ ചേളാരി നടപടിക്രമങ്ങൾ ഏകോപിപ്പിച്ചു. മരിച്ചവരുടെ പേരിൽ മയ്യിത്ത് നിസ്‌കരിക്കാനും പ്രാർഥന നടത്താനും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഖലീലുൽ ബുഖാരി എന്നിവർ അഭ്യർഥിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News