മക്കയിലെ ചരിത്ര പ്രാധാന്യമുള്ള അഞ്ച് പള്ളികൾ കൂടി സംരക്ഷിക്കും

മിനയിൽ ജംറത്തുൽ അഖബക്ക് സമീപമുള്ള ബൈഅത്ത് മസ്ജിദാണ് പുനരുദ്ധാരണത്തിനായി തെരഞ്ഞെടുത്തതിൽ ഒന്ന്.

Update: 2022-08-28 17:45 GMT
Editor : banuisahak | By : Web Desk
Advertising

ജിദ്ദ: മക്ക പ്രവശ്യയിലെ ചരിത്ര പ്രാധാന്യമുള്ള അഞ്ച് പള്ളികൾ കൂടി സംരക്ഷിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായി ഇവയുടെ പുനരുദ്ധാരണം പൂർത്തിയാക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായാണിത്. സൗദിയിലുടനീളം ചരിത്രപ്രാധാന്യമുള്ള 130 മസ്ജിദുകളാണ് ഈ പദ്ധതി വഴി സംരക്ഷിക്കുക.

2018 ലാണ് സൗദിയിലുടനീളമുള്ള ചരിത്രപ്രാധാന്യമുള്ള 130 മസ്ജിദുകൾ അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ മസ്ജിദ് പുനരുദ്ധാരണ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30 മസ്ജിദുകളുടെ നവീകരണം പൂർത്തിയായിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും 30 മസ്ജിദുകളാണ് പരിഗണനയിലുള്ളത്. ഇതിൽ അഞ്ചെണ്ണം മക്ക പ്രവശ്യയിലാണ്. മിനയിൽ ജംറത്തുൽ അഖബക്ക് സമീപമുള്ള ബൈഅത്ത് മസ്ജിദാണ് പുനരുദ്ധാരണത്തിനായി തെരഞ്ഞെടുത്തതിൽ ഒന്ന്.

പ്രവാചകൻ്റെ ഹിജ്റയിൽ കലാശിച്ച ബൈഅത്ത് സംഭവവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പള്ളി വാസ്തുവിദ്യാ സവിശേഷതകളാൽ ഏറെ വ്യതിരിക്തമാണ്. അബ്ബാസി ഖലീഫയായിരുന്ന അബു ജാഫർ അൽ മൻസൂറാണ് ഇത് പണികഴിപ്പിച്ചത്. ജിദ്ദയിലെ ഹാരത്ത് ശാമിലുള്ള അബൂ അനബ് മസ്ജിദാണ് പുനരുദ്ധാരണ പട്ടികയിലുള്ള മറ്റൊരു പള്ളി. ഏകദേശം 900 വർഷത്തിലേറെ പഴക്കമുണ്ട് ഈ പള്ളിക്ക്. ബലദ് പരിസരത്തെ അൽ ദഹാബ് സ്ട്രീറ്റിലുള്ള ഖിളിർ മസ്ജിദാണ് മറ്റൊന്ന്. 700 വർഷത്തിലേറെ പഴക്കമുണ്ട് ഈ പള്ളിക്ക്. അൽ ജുമൂം ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ ഫത്തഹ് മസ്ജിദും കിരിടീവകാശിയുടെ പ്രത്യേക പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിജയ വർഷത്തിൽ പ്രവാചകൻ പ്രാർത്ഥിച്ച പള്ളിയാണിത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈ പള്ളി തകർന്ന് പോയിരുന്നു. പിന്നീട് ഹിജ്റ 1419 ലാണ് പുനസ്ഥാപിച്ചത്. തായിഫിൻ്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജുബൈൽ മസ്ജിദും മക്ക മേഖലയിൽ പുനരുദ്ധാരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പള്ളികളിൽ ഒന്നാണ്. 300 വർഷത്തിലേറെ പഴക്കമുണ്ട് ജുബൈൽ മസ്ജിദിന്. പ്രവാചകൻ്റെ ജീവചരിത്രവുമായോ ഇസ്‌ലാമിക ഖിലാഫത്തുമായോ സൌദി അറേബ്യയുടെ ചരിത്രവുമായോ ബന്ധപ്പെട്ട ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പള്ളികൾ നവീകരണത്തിനായി തിരഞ്ഞെടുത്തത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News