ഹജ്ജിന്റെ ഭാഗമായി മക്കയിൽ അഞ്ച് പാർക്കിംഗ് കേന്ദ്രങ്ങൾ; അരലക്ഷത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാം
പാർക്കിംഗിനായി 18,80,000 സ്ക്വയർ മീറ്റർ സ്ഥലം സജ്ജമാക്കിയതായി മക്ക നഗരസഭ
ഹജ്ജിന്റെ ഭാഗമായി മക്കയുടെ പ്രവേശന കവാടങ്ങളിൽ പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമായി. അഞ്ച് പാർക്കിംഗ് കേന്ദ്രങ്ങളിലായി അരലക്ഷത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇവിടെ സൌകര്യമുണ്ട്. ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിലെ തിരക്ക് കുറക്കുന്നതിൻ്റെ ഭാഗമായാണ് പാർക്കിംഗ് കേന്ദ്രങ്ങളൊരുക്കിയത്.
മക്കയുടെ പ്രവേശന കവാടങ്ങളിൽ 5 പാർക്കിംഗ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിൽ പാർക്കിംഗിനായി 18,80,000 സ്ക്വയർ മീറ്റർ സ്ഥലം സജ്ജമാക്കിയതായി മക്ക നഗരസഭ അറിയിച്ചു. അമ്പതിനായിരത്തോളം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാൻ സൌകര്യമുണ്ട്. സ്വകാര്യ വാഹനങ്ങളിൽ ഹജ്ജിനെത്തുന്ന തീർഥാടകർ അവരുടെ വാഹനം ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിർത്തണം. ഇവിടെ നിന്നും പുണ്യസ്ഥലങ്ങളിലേക്ക് പോകാനായി ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് വേളയിൽ മക്കയിലേക്ക് വരുന്ന മറ്റ് വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യേണ്ടതാണ്.
പുണ്യസ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണിത്. പാർക്കിംഗ് കേന്ദ്രങ്ങളിൽ വിവിധ സർക്കാർ ഓഫീസുകളും പ്രവർത്തിക്കും. കൂടാതെ ടോയ്‌ലറ്റുകൾ, തീർഥാടകർക്ക് വിശ്രമിക്കാനും കാത്തിരിക്കാനുമുള്ള സ്ഥലങ്ങൾ, മസ്ജിദുകൾ എന്നിവയും പാർക്കിംഗ് സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് മികച്ച സേവനം നൽകുന്നതിൻ്റെ ഭാഗമായി പാർക്കിംഗ് ഏരിയകളിലെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികളും ക്ലീനിംഗും നിർവഹിക്കാൻ പ്രത്യേകം തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും നിയമിച്ചതായും നഗരസഭ അറിയിച്ചു.