കരിപ്പൂരിലെ കുടിയൊഴിപ്പിക്കലിനെതിരെ പ്രവാസികളും
അനാവശ്യ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ല; വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്നും ആവശ്യം
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ നടപടികളുണ്ടാകണമെന്ന് പ്രവാസി സംഘടനകൾ. അനാവശ്യ വിവാദങ്ങളിലൂടെ വിമാനത്താവളത്തിനുണ്ടാകേണ്ട സ്വാഭാവിക വളർച്ച പോലും നഷ്ടപ്പെടുകയാണെന്നും സംഘടനകൾ വിലയിരുത്തി. വിമാനത്താവള വികസനത്തിന്റെ പേരിൽ നടക്കുന്ന അനാവശ്യ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
റൺവേ റീ സ്ട്രങ്ത്തനിങ്ങിന്റെ പേരിലാണ് ആറുമാസത്തേക്ക് താൽക്കാലികമായി കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. പദ്ധതി പൂർത്തീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും നിറുത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പരിസരവാസികളുടെ സൗദി കൂട്ടായ്മയായ മേലങ്ങാടി വെൽഫെയർ അസോസിയേഷൻ(മേവ) ആരോപിച്ചു. നിലവിലെ റൺവേയിൽ തന്നെ വർഷങ്ങളോളം വലിയ വിമാനങ്ങൾ സർവീസ് നടത്തിയതാണ്. അത് നിറുത്തിവയ്ക്കാൻ കാരണം പ്രദേശവാസികളല്ലെന്നും മേവ ഭാരവാഹികൾ പറഞ്ഞു.
നിറുത്തിവച്ച വിമാനസർവീസുകൾക്കായി വിവിധ മേഖലകളിൽനിന്ന് ആവശ്യമുയരുമ്പോഴൊക്കെ വികസനത്തിനായി ഇനിയും ഭൂമി വിട്ടുനൽകണമെന്ന വാദമുയർത്തി പ്രതിരോധിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത് വിമാനത്താവളത്തിന് സ്വാഭാവികമായും ഉണ്ടാകേണ്ട വളർച്ച നഷ്ടപ്പെടുത്താനും പ്രദേശവാസികളെ ദുരിതത്തിലാക്കാനും മാത്രമേ ഉപകരിക്കൂവെന്നും മേവ ആരോപിച്ചു. വിമാനത്താവള വികസനമെന്ന പേരിൽ നടക്കുന്ന അശാസ്ത്രീയവും അനാവശ്യവുമായ കുടിയൊഴിപ്പിക്കൽ അംഗീകരിക്കില്ല. ഇതിനെതിരിൽ പരിസരവാസികൾ നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾക്ക് മേവയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ഭാരവാഹികൾ ജിദ്ദയിൽ അറിയിച്ചു.