ഹജ്ജ് 2025; ആദ്യഘട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി മക്കയിൽ യോഗം ചേർന്നു
മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രത്യേക യോഗം
മക്ക: അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി മക്കയിൽ യോഗം ചേർന്നു. മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നിർദ്ദേശപ്രകാരമായിരുന്നു പ്രത്യേക യോഗം. തീർത്ഥാടകർക്ക് സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ് കമ്മിറ്റിയുടെ മുന്നൊരുക്കങ്ങൾ. 2025ലെ ഹജ്ജ് സീസണിന്റെ മുൻകൂർ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി മക്കയിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തത്.
മക്ക അമീർ ഫൈസൽ രാജകുമാരന്റെ നിർദ്ദേശപ്രകാരമാണ് യോഗം നടന്നത്. മക്ക ഡെപ്യൂട്ടി അമീറും സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷാലിലിൻറെ അധ്യക്ഷതയിലായിരുന്നു യോഗം. ഈ വർഷത്തെ ഹജ്ജ് വേളയിൽ കൈവരിച്ച മികച്ച നേട്ടങ്ങൾ വരും വർഷങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനും ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട വികസനവും തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതുമായിരുന്നോ പ്രധാന ചർച്ചകൾ. കടൽ ,കര, വ്യോമ, തുറമുഖങ്ങൾ വഴിയുള്ള തീർത്ഥാടകരുടെ യാത്രയുടെ നിലവിലെ പുരോഗതിയും ചർച്ചയായിയിരുന്നു.
2024ലെ ഹജ്ജ് വേളയിൽ കമ്മിറ്റി അംഗങ്ങൾ നടത്തിയ ശ്രമങ്ങളെ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ നന്ദിയും അഭിനന്ദനവും സൗദ് ബിൻ മിശാൽ രാജകുമാരൻ കൈമാറി. ദൈവത്തിൻറെ അതിഥികളായി എത്തിയ തീർത്ഥാടകർക്ക് കർമ്മങ്ങൾ എളുപ്പത്തിലും സുരക്ഷിതമായും നിർവഹിക്കാൻ സഹായകരമാവും വിധം പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. വരും വർഷങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ മികച്ച ഹജ്ജ് ഉറപ്പ് വരുത്തും. അതിനുള്ള മുന്നൊരുക്കങ്ങളാണ് വളരെ നേരത്തെ സൗദി ഹജ്ജ് കമ്മറ്റിക്ക് കിഴിൽ പുരോഗമിക്കുന്നത്.