ജിദ്ദയിൽ ചികിത്സയിലായിരുന്ന ഹാജിമാരെയും അറഫയിലെത്തിച്ചു
ഒരാളെ എയർ ആംബുലൻസിലാണ് എത്തിച്ചത്
മക്ക: ജിദ്ദയിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഹാജിമാരെയും അറഫിയിലെ ജബലുറഹ്‌മ ആശുപത്രിയിൽ എത്തിച്ചു. അഞ്ച് പേരെ റോഡ് മാർഗ്ഗവും ഒരാളെ എയർ ആംബുലൻസിലുമാണ് അറഫിയിലെത്തിച്ചത്. ശനിയാഴ്ച നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ ഇവരെയും പങ്കെടുപ്പിക്കും.
ഹജ്ജ് കർമ്മത്തിനെത്തിയ ശേഷം വിവിധ രോഗങ്ങൾ ബാധിച്ചതിനെ തുടർന്ന് ജിദ്ദയിൽ ചികിത്സയിലായിരുന്നവരെയാണ് ഇന്ന് അറഫയിലെത്തിച്ചത്. വിവിധ രാജ്യക്കാരായ ആറ് ഹാജിമാരെ ഇന്ന് രാവിലെ അറഫിയിലെ ജബലു റഹ്‌മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അതീവ ഗുരുതരാവസ്ഥയിലുളള ഒരാളെ റെഡ് ക്രസന്റ് അതോറിറ്റിയുമായി സഹകരിച്ച് എയർ ആംബുലൻസിലാണ് അറഫിയിലെത്തിച്ചത്. മറ്റു അഞ്ച് പേരെ റോഡ് മാർഗ്ഗം ആംബുലൻസുകളിലായി ജബലുറഹ്‌മ ആശുപത്രിയിലെത്തിച്ചു. ഒമ്പതു ആംബുലൻസുകൾ അടങ്ങിയ വാഹനവ്യൂഹത്തിലാണ് ജിദ്ദയിലെ രോഗികളെ കൊണ്ടുപോയത്. 24 മെഡിക്കൽ ജീവനക്കാരും, മൂന്ന് സപ്പോർട്ട് സംഘങ്ങളും ഉൾപ്പെടുന്ന മെഡിക്കൽ വിദഗ്ധരും ഇവരെ അനുഗമിച്ചിരുന്നു.
മദീനയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 18 തീർഥാടകരെ ഇന്നലെ അറഫയിലെ ജബലുറഹ്‌മ ആശുപത്രിയിലെത്തിച്ചിരുന്നു. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ മുഴുവൻ തീർഥാകരേയും പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് രോഗികളായവരേയും അറഫയിലെത്തിച്ചത്.