കോവിഡ് നിയന്ത്രണങ്ങളില്ലാതെ വീണ്ടും ഹറം; ആദ്യ ദിനം തന്നെ ഇഫ്താറിന് എത്തിയത് ലക്ഷങ്ങള്‍
തറാവീഹ് നമസ്‌കാരത്തിനും വന്‍ തിരക്ക് അനുഭവപ്പെട്ടു
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ മക്ക ഹറമില്‍ വീണ്ടും ലക്ഷങ്ങള്‍ പങ്കെടുത്ത ഇഫ്താര്‍ നടന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് റമദാനില്‍ ഇത്രയേറെ വിശ്വാസികള്‍ ഹറമിലെത്തുന്നത്.
കൂടാതെ മക്കയിലെ തെരുവുകളും ഇത്തരത്തില്‍ സജീവമാകുന്നത് രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു. നിയന്ത്രണങ്ങളില്ലാതെ വിശ്വാസികളും എത്തിത്തുടങ്ങി.
റമദാനില്‍ പ്രതിദിനം പത്ത് ലക്ഷം പേര്‍ ഹറമിലെത്തുമെന്നാണ് കണക്കാക്കുന്നത്. റമദാന്‍ മാസം മക്ക ഹറം ജനസാഗരമാകും. ലോകത്തിന്റെ നാനാദിക്കില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്ക് ഹറമിലെ ഇഫ്താര്‍ അപൂര്‍വാനുഭവമാണ്. വൈകുന്നരത്തെ നമസ്‌കാര സമയമാകുന്നതോടെത്തന്നെ മക്കയിലെ തെരുവുകള്‍ സജീവമാകും. സൂര്യാസ്തമയം അടുക്കുന്നതോടെ ഹറമിന്റെ മുറ്റം നിറയും. ഇനി ഇഫ്താറിനുള്ള ഒരുക്കങ്ങളാണ്. ഭക്ഷണം നല്‍കാനായി നിരനിരയായി സുപ്രകള്‍ വിരിക്കും. അതില്‍ വിഭവങ്ങള്‍ നിറയും. രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ സംഭാവന ചെയ്യുന്ന വിഭവങ്ങളാണ് നോമ്പു തുറക്കായി ഇവിടെ ഒരുക്കുക.
ഇഫ്താര്‍ കഴിഞ്ഞാല്‍ മഗ്‌രിബ് നമസ്‌കാരത്തിനായി വിശ്വാസികള്‍ അണിനിരക്കും. ഇശാ നമസ്‌കാരത്തിന് ശേഷം റമദാനിലെ സവിശേഷ നമസ്‌കാരമായ തറാവീഹിനുള്ള തിരക്കാണ്. ദീര്‍ഘമായ നമസ്‌കാരം. ലക്ഷങ്ങളാണ് ഈ നമസ്‌കാരത്തിനായും ഹറമിലെത്തുന്നത്.
തറാവീഹ് കഴിഞ്ഞാലും വിശ്വാസികളില്‍ ചിലര്‍ ഹറമില്‍ തങ്ങും. പുലര്‍കാലത്തെ പ്രാര്‍ഥനയും പ്രത്യേക നമസ്‌കാരവും നിര്‍വഹിച്ചാണ് അവര്‍ മടങ്ങുക. പുലര്‍ച്ചെയുളള അത്താഴവും ഇവിടെവച്ചുതന്നെ കഴിക്കും. റമദാനില്‍ രാത്രി പ്രാര്‍ഥനക്ക് ഹറമില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ അനുമതി വാങ്ങണം. റമദാനിലെ ഈ പതിവിലേക്ക് രണ്ടര വര്‍ഷത്തിന് ശേഷമാണ് ഹറം തിരിച്ചെത്തുന്നത്. കഅ്ബയെ വലയം ചെയ്യാനും തിരക്ക് വര്‍ധിച്ചു.
റമദാന്‍ അവസാന ദിവസങ്ങളിലേക്ക് അടുക്കുന്തോറും ഹറമിലെ തിരക്ക് വന്‍തോതില്‍ വര്‍ധിക്കും. ഏറ്റവും അവസാന ദിവസങ്ങളില്‍ 20 ലക്ഷം പേര്‍ ഹറമിലെത്തുമെന്നാണ് കരുതുന്നത്.