ഹറമിൽ കനത്ത മഞ്ഞു വീഴ്ച; പ്രചരിക്കുന്ന വീഡിയോയിലെ യാഥാർത്ഥ്യമെന്ത്...?
ദൃശ്യങ്ങൾ വ്യാജമെന്ന് സ്ഥിരീകരണം
മക്കയിലെ കഅബയിലും മസ്ജിദിന്റെ മറ്റു ഭാഗങ്ങളിലുമായി വലിയ അളവിൽ മഞ്ഞുവീഴുന്ന ഒരു വീഡിയോ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്. കേരളത്തിൽനിന്നടക്കമുള്ള പല വാർത്താ ചാനലുകളും ആ ദൃശ്യം വലിയ പ്രാധാന്യത്തോടെ വാർത്തയാക്കുകയും ചെയ്തിരുന്നു. എന്നാൽ, ആദൃശ്യങ്ങൾ വ്യാജമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
വ്യാപകമായി പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സൗദിയുടെ ഔദ്യോഗിക കാലാവസ്ഥാ വിഭാഗമായ നാഷണൽ മെറ്റീരിയോളജിക്കൽ സെന്റർ തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
പ്രാദേശിക മാധ്യമങ്ങളും ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രാൻഡ് മോസ്‌കിന് സമീപത്തെ കനത്ത മഞ്ഞുവീഴ്ചയും തീർഥാടകർ ഈ അപൂർവ പ്രതിഭാസം ആസ്വദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 55 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലുമെല്ലാം വൈറലാവുകയും ചെയ്തിരുന്നു.
സൗദി അറേബ്യയിലെ മക്ക ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ച കനത്ത മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് വ്യാജ വീഡിയോക്ക് പ്രചാരണം ലഭിച്ചത്.