സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വർധനവ്; ഫെബ്രുവരിയിൽ 1278 കോടി റിയാൽ
ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർധനവാണ്


റിയാദ്: സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ ഈ വർഷം ഫെബ്രുവരിയിലും വർധനവ് രേഖപ്പെടുത്തി. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ വിദേശികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർധനവാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 933 കോടി റിയാലായിരുന്നു പ്രവാസികൾ നാട്ടിലേക്കയച്ചത്. ഈ വർഷം 345 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 1374 കോടി റിയാലായിരുന്നു പ്രവാസികൾ നാട്ടിലേക്കയച്ചത്.
കഴിഞ്ഞ വർഷം ശരാശരി 1,201 കോടി റിയാലാണ് വിദേശികൾ ഒരു മാസം നാട്ടിലേക്ക് അയച്ചിരുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ ശരാശരി പ്രതിമാസ റെമിറ്റൻസാണ് ഈ വർഷത്തെ ആദ്യ രണ്ടുമാസങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബാങ്ക് മുഖേനയുള്ള പണമിടപാടുകളാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.