അരാംകോയുടെ സാമ്പത്തിക റിപ്പോര്‍ട്ട്: 2024ല്‍ 39,800 കോടി റിയാലിന്‍റെ അറ്റാദായം, 12 ശതമാനത്തിൻറെ ഇടിവ്
എണ്ണ വിലയിലെ ഇടിവ് അറ്റാദായത്തില്‍ കുറവ് വരുത്തി


റിയാദ്: സൗദി അരാംകോയുടെ കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 39,800 കോടി റിയാലിൻറെ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു. 2023നെ അപേക്ഷിച്ച് ലാഭവിഹിതത്തിൽ 12 ശതമാനത്തിൻറെ ഇടിവ് രേഖപ്പെടുത്തി. 45,470 കോടി റിയാലിന്റെ നേട്ടമുണ്ടാകിയാണ് 2023ൽ ലാഭവിഹിതം വിതരണം ചെയ്തത്. ലാഭവിഹിതം ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുമെന്ന് കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തി.
അടിസ്ഥാന ലാഭവിഹിതമായ 820 കോടിലധികം റിയാലാണ് വിതരണം ചെയ്യുക. ഒരു ഷെയറിന് 33 ഹലാല വീതമാണ് ഡിവിഡൻറായി ലഭിക്കുക. മാർച്ച് 17 മുതൽ 26 വരെയുള്ള തിയ്യതികളിൽ വിതരണം പൂർത്തിയാക്കും. അസംസ്‌കൃത എണ്ണയുടെ വിലയിലും വിൽപ്പനയിലും കുറവ് രേഖപ്പെടുത്തിയതും, ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾക്കും രാസവസ്തുക്കൾക്കും വില കുറഞ്ഞതും അറ്റാദായത്തിൽ കുറവിന് ഇടയാക്കി. കമ്പനിയുടെ മൊത്ത വരുമാനത്തിലും കഴിഞ്ഞ വർഷം ഒരു ശതമാനത്തിൻറെ കുറവിന് കാരണമായി. 2024ലെ കമ്പനിയുടെ മൊത്ത വരുമാനം 1,63,700 കോടി റിയാലായി ഇടിഞ്ഞു.