ഹജ്ജ് തീർഥാടകർക്ക് ഇത്തവണ നൽകിയത് ഒന്നേക്കാൽ ലക്ഷത്തിലധികം ആരോഗ്യ സേവനങ്ങൾ

ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ സങ്കീർണമായ നിരവധി ചികിത്സകളാണ് ഹാജിമാർക്ക് യഥാസമയം നൽകിയത്.

Update: 2024-06-18 17:26 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: ഈ വർഷത്തെ ഹജ്ജിന് ഒന്നേക്കാൽ ലക്ഷത്തിലധികം ആരോഗ്യ സേവനങ്ങൾ തീർഥാടകർക്ക് നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം. ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ സങ്കീർണമായ നിരവധി ചികിത്സകളാണ് ഹാജിമാർക്ക് യഥാസമയം നൽകിയത്.

ആരോഗ്യ സേവന രംഗത്ത് വിപുലമായ ക്രമീകരമങ്ങളാണ് ഇത്തവണത്തെ ഹജ്ജിന് മന്ത്രാലയം ഒരുക്കിയത്. മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലുമെല്ലാം തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ ഇതിലൂടെ സാധിച്ചു. ദുൽഖഅദ് ഒന്ന് മുതൽ ബലിപ്പെരുന്നാൾ ദിവസം വരെ 1,26,000 ത്തിലധികം ആരോഗ്യ സേവനങ്ങൾ തീർഥാടകർക്ക് നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേക ക്ലിനിക്കുകൾ, ഫാർമസികൾ, ഡയാലിസിസ് സെന്ററുകൾ, തീവ്രപരിചരണ വിഭാഗങ്ങൾ, ഐസൊലേഷൻ യൂണിറ്റുകൾ എന്നിവയെല്ലാം പുണ്യ സ്ഥലങ്ങളിൽ പ്രത്യേകം സജ്ജീകരിച്ചിരുന്നു.

21 ഓപ്പൺ ഹാർട്ട് സർജറികളും, 236 മറ്റു ഹൃദയ ശസ്ത്രക്രിയ ചികിത്സകളും, 939 ഡയാലിസിസുകളും പെരുന്നാൾ ദിവസം വരെ തീർഥാടകർക്ക് വേണ്ടി വിവിധ ആശുപത്രികളിൽ വെച്ച് നൽകി. ഇത് കൂടാതെ 3,058 തീർഥാടകരെ ആവശ്യമായ ആരോഗ്യ പരിരക്ഷ നൽകുന്നതിനായി വിവിധ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും പ്രവേശിപ്പിക്കുകയും ചെയ്തു. അറഫയിൽ 716 കിടക്കകളുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ നാല് ആശുപത്രികളാണ് സജ്ജമാക്കിയത്. കൂടാതെ 52 ഹെൽത്ത് സെന്ററുകൾ, 46 പ്രത്യേക സെന്ററുകൾ, കാൽനടയാത്രക്കാർക്ക് വേഗത്തിൽ സേവനം നൽകുന്നതിനായി 6 ഹെൽത്ത് സെന്ററുകൾ എന്നിവയും സജ്ജമാക്കിയിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News