സംഘ് പരിവാർ മുന്നേറ്റം തടയാൻ രാഷ്ട്രീയ കൂട്ടായ്മ കൊണ്ട് മാത്രം സാധിക്കില്ല: റസാഖ് പാലേരി
സൗദിയിലെ ജിദ്ദയിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
സംഘ് പരിവാർ മുന്നേറ്റം തടയാൻ കേവലം രാഷ്ട്രീയമായ കൂട്ടായ്മ കൊണ്ട് മാത്രം സാധിക്കില്ലെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. സംഘ് പരിവാർ ആശയത്തെ പ്രതിരോധിക്കാൻ കഴിയുന്ന ബദൽ ചുവട് വെപ്പ് രൂപപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദിയിലെ ജിദ്ദയിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ സംഘ്് പരിവാർ ഇപ്പോൾ പ്രവർത്തിക്കുന്നത് കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രം ലക്ഷ്യം വെച്ചല്ലെന്നും, വ്യക്തമായ ഹിന്ദുത്വ ആശയ പ്രചരണം കൂടിയാണെന്നും വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലുൾപ്പെടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേധാവിത്വം പ്രഖ്യാപിക്കും വിധമുള്ള ചടങ്ങുകൾ ഉൾപ്പെടുത്തിയത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേളത്തിലേക്ക് വരെ വിദ്വേഷ രാഷ്ട്രീയത്തെ കടത്തി കൊണ്ടുവരാനാണ് ഫാസിസ്റ്റുകൾ ശ്രമിക്കുന്നതെന്നും അതിനാൽ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പല ഭാഗങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങൾ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മണിപ്പൂരിൽ ഉൾപ്പെടെ നടന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ യാദൃശ്ചികമല്ല. കൃത്യമായ ആസൂത്രണമത്തിന്റെ ഭാഗമായാണത്. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിച്ച് നിൽക്കാൻ രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങൾ തയ്യാറാകണം. രാഷ്ട്രീയമായ ഒരു കൂട്ടായ്മകൊണ്ട് മാത്രം സംഘ് പരിവാർ ഫാസിസത്തെ തടയാനാകില്ലെന്നും റസാഖ് പാലേരി പറഞ്ഞു.
ഫാസിസത്തെ പ്രതിരോധിക്കാൻ കഴിയുന്ന ബദൽ ചുവട് വെപ്പ് രൂപപ്പെടുന്നതിലൂടെ മാത്രമേ ഇന്ത്യയെ ഫാസിസ്റ്റുകളിൽ നിന്ന് മോചിപ്പിക്കാനാകു. അതേ സമയം ഫാസിസത്തിനെതിരെ മതേതര ജനാതിപത്യ വിശ്വാസികളുടെ കൂട്ടായ്മ രൂപപ്പെട്ട് വരുന്നത് ആശ്വാസകരമാണ്. വംശീയ ഫാസിസത്തിന്റെ ഇരകളെ ചേർത്ത് പിടിക്കുന്ന ഒരു ചുവടുവെപ്പായി പുതിയ കൂട്ടായ്മ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് - ഒമർ പാലോട്, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.