ഖുർആൻ പാരായണ-ബാങ്ക് വിളി മത്സരം: ഇതുവരെ രജിസ്റ്റർ ചെയ്തത് അരലക്ഷത്തിലധികം പേർ
വിജയികൾക്ക് 12 ദശലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്
സൗദിയിൽ നടക്കുന്ന അന്താരാഷ്ട്ര ഖുർആൻ പാരായണ-ബാങ്ക് വിളി മത്സരത്തിൽ പങ്കെടുക്കാനായി ഇത് വരെ അര ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു. വിശുദ്ധ റമദാനിൽ ടിവി ഷോകളിലൂടെ മത്സരത്തിൻ്റെ ഫൈനൽ ഘട്ടം സംപ്രേഷണം ചെയ്യും.
ജനുവരി നാലിനാണ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിനും, ബാങ്ക് വിളി മത്സരത്തിനുമുളള രജിസ്ട്രേഷൻ ആരംഭിച്ചത്. ഇത് വരെ 165 രാജ്യങ്ങളിൽ നിന്നായി അര ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു. നാല് ഘട്ടങ്ങളിലായാണ് മത്സരം.
ആദ്യ മൂന്ന് ഘട്ടങ്ങളിലും ഓണ്ലൈനായി നടക്കുന്ന മത്സരത്തിൻ്റെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് നാലാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുക. വിശുദ്ധ റമദാൻ മാസത്തിൽ എംബിസിയിലും ഷാഹിദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും സംപ്രേക്ഷണം ചെയ്യുന്ന ഒത്ർ എൽ കലാം ടിവി ഷോയിലെ ജൂറിയുടെയും കാഴ്ചക്കാരുടെയും മുമ്പാകെയാണ് നാലാം ഘട്ടത്തിൽ മത്സരാർത്ഥികൾ പ്രകടനം കാഴ്ച വെക്കേണ്ടത്.
മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. കൂടാതെ മത്സര ഇനത്തിൻ്റെ ഒരു സാമ്പിൾ ഓഡിയോ ക്ലിപ്പും അപ് ലോഡ് ചെയ്യേണ്ടതാണ്. വിശുദ്ധ ഖുർആൻ പാരായണത്തിന്റെയും ബാങ്ക് വിളിയുടെയും സംയുക്ത മത്സരം ഒരേ സമയം സംഘടിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണ് ഒത്ർ എൽക്കലം മത്സരം.
വിജയികൾക്ക് മൊത്തം 12 ദശലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത്തരം ഒരു മത്സരത്തിന് ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മാന തുകയാണിതെന്ന് ജനറൽ എൻ്റർടൈൻമെൻ്റ് അതോറിറ്റി വ്യക്തമാക്കി.