സൗദിയിലെത്തുന്ന വിദേശികൾക്ക് ആശ്വാസം; ഹോട്ടലുകൾക്ക് പുറത്തും ക്വാറന്റൈന് അനുമതി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകി തുടങ്ങിയതായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആന്റ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു.
സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത്തി അഞ്ചോളം കെട്ടിടങ്ങൾക്ക് ഇതിനോടകം അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വൻതുക ലാഭിക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.
ഹോട്ടലുകളല്ലാത്ത കെട്ടിടങ്ങളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകി തുടങ്ങിയതായി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആന്റ് ഹൗസിംഗ് മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് സ്വന്തം സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാനാകും.
റിയാദ്, ജിദ്ദ, ദമ്മാം, ദഹ്റാൻ, എന്നിവിടങ്ങളിലായി 3,276 ആളുകളെ ഉൾകൊള്ളാൻ ശേഷിയുള്ള 25 കേന്ദ്രങ്ങൾക്കും, 1,669 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള 10 കെട്ടിടങ്ങൾക്കും ഇത് വരെ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിദേശ തൊഴിലാളികൾ വൻ തുക മുടക്കി സ്വന്തം ചെലവിൽ സ്റ്റാർ ഹോട്ടലുകളിലായിരുന്നു ഇത് വരെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നത്.
കെട്ടിടങ്ങളുടെ ലൊക്കേഷൻ, ഘടന, കിച്ചൺ, ബാത്ത് റൂം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ പരിശോധിച്ച ശേഷമാണ് ക്വാറന്റൈൻ ലൈസൻസ് അനുവദിക്കുക. കൂടാതെ ക്യൂ ആർ കോഡ് വഴി റൂം ബുക്ക് ചെയ്യുന്നതിനും, അത് വിമാന കമ്പനികൾക്ക് പരിശോധിക്കുന്നതിനുള്ള വെബ് സൈറ്റ്, യാത്രക്കാരെ വിമാനതാവളത്തിൽ നിന്ന് റൂമിലെത്തിക്കുന്നതിനുള്ള സൗകര്യം, കോവിഡ് പരിശോധന നടത്തുന്നതിന് ലാബുകളുമായുള്ള കരാർ തുടങ്ങിയ സൗകര്യങ്ങളും നിർബന്ധമാണമെന്ന് മന്ത്രാലയം വ്യക്തമാക്കി.