റഹീം കേസ് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റിവെച്ചു
പുതിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കാനിരുന്നത്
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചന ഹരജിയിൽ ഇന്നും വിധിയുണ്ടായില്ല. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു. തുടർച്ചയായ ഏഴാംതവണയാണ് കോടതി റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.
രാവിലെ എട്ടുമണിക്ക് കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കേസ് പരിഗണിക്കുന്ന പുതിയ തീയതി ലഭിച്ചിട്ടില്ലെന്ന് റഹീം സഹായ സമിതി അറിയിച്ചു. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്‌ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.