സൗദി പ്രതിരോധ മന്ത്രി അമേരിക്കയിൽ; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു


അമേരിക്കയിലെത്തിയ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. പശ്ചിമേഷ്യിലെ നിലവിലെ അവസ്ഥയും പ്രശ്‌നങ്ങളും പരിഹാര നിർദ്ദേശങ്ങളും ചർച്ചയായി. നിലവിലെ പ്രശ്‌നങ്ങളിൽ സുരക്ഷയും സമാധാനവും കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളും മുന്നോട്ട് വെക്കുന്ന പരിഹാര നിർദ്ദേശങ്ങളും കാഴ്ചപാടുകളും പരസ്പരം പങ്ക് വെച്ചു. ഒപ്പം പൊതുതാൽപര്യമുള്ള മറ്റ് നിരവധി വിഷയങ്ങളും ചർച്ച ചെയ്തു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്‌സുമായും പ്രതിരോധ മന്ത്രി ചർച്ച നടത്തി. സൗദി യു.എസ് അംബാസിഡർ റീമ ബിൻത് ബന്ദർ, യു.എസിൻറെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും കൂടികാഴ്ചയിൽ പങ്കാളികളായി.