സൗദിയിലുള്ളവര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് നല്‍കി തുടങ്ങി
ഹജ്ജിനു പത്തുദിവസം മുമ്പായി കോവിഡ് വാക്സിനുകളും പ്രതിരോധ കുത്തിവെപ്പുകളും പൂര്‍ത്തീകരിച്ചിരിക്കണമെന്നും നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു
റിയാദ്: സൗദിക്കകത്ത് നിന്നും ഹജ്ജിന് അപേക്ഷിച്ചവര്‍ക്കുള്ള അനുമതി പത്രങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. രണ്ട് ലക്ഷം പേര്‍ക്കാണ് ഇത്തവണ സൗദിക്കകത്തു നിന്നും ഹജ്ജിന് അനുമതിയുള്ളത്. ഈ വര്‍ഷത്തെ ഹജ്ജിനുള്ള ആഭ്യന്തര ഹാജിമാരുടെ പെര്‍മിറ്റ് അഥവാ തസ്രീഹുകള്‍ നല്‍കി തുടങ്ങി. ഹജ്ജിന് ബുക്ക് ചെയ്തു പണമടച്ചവര്‍ക്കെല്ലാം വ്യക്തിഗത പോര്‍ട്ടലായ അബ്ശിറില്‍ നിന്നും പെര്‍മിറ്റ് പ്രിന്‍റ് ചെയ്യാനാകും. വ്യത്യസ്ത പാക്കേജുകളിലെ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ദുല്‍ഹജ്ജ് ഏഴുവരെ സീറ്റ് ബുക്ക് ചെയ്യാന്‍ അനുമതിയുണ്ട്. ഹജ്ജ് പെര്‍മിറ്റ് ക്യാന്‍സലാകാതിരിക്കണമെങ്കില്‍ ഹജ്ജ് തീരുന്നതുവരെ ഇഖാമയില്‍ കാലാവധിയുണ്ടായിരിക്കണമെന്നത് പ്രവാസികള്‍ക്കുള്ള നിബന്ധനയാണ്.
ഹജ്ജിനു പത്തുദിവസം മുമ്പായി കോവിഡ് വാക്സിനുകളും പ്രതിരോധ കുത്തിവെപ്പുകളും പൂര്‍ത്തീകരിച്ചിരിക്കണമെന്നും നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ്19, മെനിഞ്ചൈറ്റിസ്, സീസണല്‍ ഇന്‍ഫ്ളുവന്‍സ എന്നിവക്കുള്ള കുത്തിവെപ്പുകളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇരുപത് ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിന് എത്തുന്നത്. അതില്‍ 18 ലക്ഷം പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 ലക്ഷം പേര്‍ സൗദിയില്‍ നിന്നും ആയിരിക്കും.