സൗദിയിൽ കാർഷിക മേഖലയിലെ നാല് തൊഴിൽ മേഖലയിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നു
കൃഷിത്തൊഴിൽ സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായി 1,500 ലേറെ സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകി കഴിഞ്ഞു. 2,500 യുവതീയുവാക്കൾക്കാണ് ഈ തൊഴിലിൽ പരിശീലനം നൽകുക.
സൗദിയിൽ കാർഷിക മേഖലയിലെ നാല് തൊഴിൽ മേഖലയിൽ കൂടി സൗദിവൽക്കരണം നടപ്പാക്കുന്നു. കൃഷിത്തൊഴിൽ, മത്സ്യബന്ധനം, കന്നുകാലി വളർത്തൽ, തേനീച്ച വളർത്തൽ എന്നീ നാലു മേഖലകളിലാണ് സൗദിവൽക്കരണ പദ്ധതികൾ നടപ്പാക്കുന്നത്.ഇവ വിജയകരമായി നടപ്പാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. നാലു പദ്ധതികളും ഇതിനകം 50 ശതമാനം തോതിൽ ലക്ഷ്യം നേടിയതായി മന്ത്രാലയത്തിലെ സ്വദേശിവൽക്കരണ പദ്ധതി ഡയറക്ടർ മൂസ അൽകനാനി വ്യക്തമാക്കി.
കൃഷിത്തൊഴിൽ സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായി 1,500 ലേറെ സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകി കഴിഞ്ഞു. 2,500 യുവതീയുവാക്കൾക്കാണ് ഈ തൊഴിലിൽ പരിശീലനം നൽകുക. തേനീച്ച വളർത്തലിന് 1,500 യുവതീയുവാക്കൾക്ക് പരിശീലനം നൽകാനായിരുന്നു തീരുമാനം. ഇവരെല്ലാം ഇതിനോടകം പരിശീലനം പൂർത്തിയാക്കി. മത്സ്യബന്ധന മേഖലയിൽ 3,692 സ്വദേശികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 2000 ലേറെ പേർക്ക് ഇതിനകം പരിശീലനം നൽകി കഴിഞ്ഞു. കന്നുകാലി വളർത്തൽ മേഖലയിൽ 5,000 യുവതീയുവാക്കൾക്കാണ് പരിശീലനം നൽകുക. അതിൽ 2,700 പേർക്ക് ഇതിനകം പരിശീലനം നൽകിയതായും മൂസ അൽകനാനി അറിയിച്ചു.