'ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക്'; സൂയസ് കനാൽ അതോറിറ്റി
ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്ക് എത്തുന്നതായി സൂയസ് കനാൽ അതോറിറ്റി. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് ഹൂതികൾ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിച്ചത്. എന്നാൽ ലോകത്തെ മുൻനിര ഷിപ്പിങ് ലൈനുകൾ സ്ഥിതിഗതികൾ പൂർണമായും ശാന്തമായ ശേഷമേ ചെങ്കടൽ വഴി സർവീസ് നടത്തൂ എന്ന് തീരുമാനിച്ചിട്ടുണ്ട്.
ഗസ്സക്കു മേലുളള ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൂതികൾ ഇസ്രയേലിലേക്കുള്ള കപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയത്. ഇതിനായി തെരഞ്ഞെടുത്തത് യൂറോപ്പിലേക്കുള്ള എളുപ്പ പാതയായ സൂയസ് കനാലിലേക്ക് കയറുന്ന വഴിയായ ബാബ് അൽ മന്ദബാണ്. യമന്റെ അതിരിലുള്ള ഈ കടലിടുക്ക് ഏദൻ ഗൾഫിൽ നിന്ന് ചെങ്കടലിലേക്കുള്ള പ്രധാന കവാടമാണ്. ഹൂതികൾ ആക്രമണം തുടങ്ങിയതോടെ ഷിപ്പിങ് മേഖല സ്തംഭിച്ചു. മുന്നറിയിപ്പ് അവഗണിച്ച് എത്തിയ നൂറിലേറെ കപ്പലുകളെയാണ് ഹൂതികൾ ആക്രമിച്ചത്. പിന്നാലെ ഷിപ്പിങ് ലൈനുകൾ മറ്റു വഴികൾ തിരഞ്ഞെടുത്തു. അധിക യാത്രയും അധിക ചിലവും വന്നതോടെ ഷിപ്പിങിന് നിരക്കേറി. ഇത് വിലക്കയറ്റത്തിന് വരെ കാരണമായി.
ഗസ്സയിൽ വെടിനിർത്തിയ സാഹചര്യത്തിലാണ് ഹൂതികൾ അടങ്ങിയത്. ഇതോടെ ചെങ്കടൽ മേഖല ശാന്തമായെന്നും സർവീസുകൾ വർധിച്ചതായും ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി അറിയിച്ചു. എന്നാൽ വെടിനിർത്തൽ അവസാനിച്ചാലോ ലംഘിച്ചാലോ ആക്രമണം തുടരുമെന്ന് ഹൂതി മുന്നറിയിപ്പുണ്ട്. ഇതിനാൽ എംഎസ്എസി, ഹെപക് ലോയ്ഡ്, മേഴ്‌സ്‌ക്, സിഎംഎ തുടങ്ങിയ മുൻനിര ഷിപ്പിങ് കമ്പനികൾ ഇപ്പോഴും ബാബ് അൽ മന്ദബ് വഴി യാത്ര നടത്തുന്നില്ല. യാത്രാ റിസ്‌ക് ഒഴിവാക്കാനാണ് ഈ തീരുമാനം. ആഫ്രിക്ക വഴി കറങ്ങി കേപ് ഓഫ് ഗുഡ് ഹോപ് വഴിയാണ് ഇപ്പോഴും ഈ ഷിപ്പിങ് ലൈനുകളുടെ യാത്ര. ഇതിന് അധിക സമയവും തുകയും വേണം. പുറമെ വാർ റിസ്‌ക് സർചാർജും ഈ ലൈനുകൾ ഈടാക്കുന്നുണ്ട്. വാർ റിസ്‌ക് സർചാർജ് ഇപ്പോഴും മുൻനിര കമ്പനികൾ ഈടാക്കുന്നുണ്ടെങ്കിലും ഈ തുക കുറഞ്ഞിട്ടുണ്ട്.