എസ്.ടി.സി ഇനി ഡിജിറ്റൽ ബാങ്ക്; സൗദി സെൻട്രൽ ബാങ്കിന്റെ എൻഒസി ലഭിച്ചു


റിയാദ്: സൗദി അറേബ്യയിലെ പ്രധാന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ എസ്ടിസി ഡിജിറ്റൽ ബാങ്കിങ് മേഖലയിലും സജീവമാകും. ഇതിനായുള്ള അനുമതി കഴിഞ്ഞ ദിവസം സൗദി സെൻട്രൽ ബാങ്കിൽ നിന്നും നേടി. നിലവിൽ വിദേശ പണമിടപാടിനും ആഭ്യന്തര വാലറ്റ് സേവനങ്ങൾക്കും ജനപ്രിയമാണ് കമ്പനി. ഇതിനു പുറമെയാണ് പുതിയ നീക്കം. നിലവിലുള്ള എസ്ടിസി പേ ഉപയോഗിക്കുന്നവർക്ക് അതേ അക്കൗണ്ട് എസ്ടിസി ബാങ്ക് അക്കൗണ്ട് ആക്കി മാറ്റാൻ കഴിയും. ഇതിനായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ മതിയാകും. എസ്ടിസി ബാങ്ക് ആപ്പ് വഴി ഇതിനായുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
ഇസ്ലാമിക ശരീഅത്തിന് അനുസൃതമായ സേവനങ്ങളായിരിക്കും ലഭ്യമാക്കുക. ബാങ്കിന്റെ മൂലധനം 635 കോടി റിയാലാണെന്നും അതികൃതർ വെളിപ്പെടുത്തി. ധനമേഖലയിൽ സ്ഥിരത നിലനിർത്തുക, വിശ്വാസ്യത ഉറപ്പാക്കുക, ബാങ്കിങ് മേഖലയെ പിന്തുണക്കുക, മത്സരാന്തരീക്ഷത്തെ പിന്തുണക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിന്റെ ഭാഗമായാണ് എസ്ടിസി ബാങ്കിന്റെ പ്രവർത്തനാനുമതി. ഡാറ്റാ സുരക്ഷ, ഉപഭോക്തൃ സ്വകാര്യത എന്നിവ മുൻ നിർത്തിയായിരിക്കും പുതിയ ബാങ്കിന്റെ പ്രവർത്തനങ്ങൾ.