കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി
പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 498 തീർഥാടകരാണ് ഇന്നെത്തിയത്.
മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘങ്ങൾ ഇന്ന് രാവിലെ മുതൽ മക്കയിലെത്തി ഉംറ കർമം പൂർത്തിയാക്കി. പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ 498 തീർഥാടകരാണ് ഇന്നെത്തിയത്. മക്കയിലെത്തിയ അല്ലാഹുവിൻറെ അതിഥികൾക്ക് രാജകീയ വരവേൽപ്പാണ് മക്കയിൽ ലഭിച്ചത്. നാളെ മുതൽ കൂടുതൽ തീർഥാടകർ ഹജ്ജിനായി മക്കയിലെത്തും.
കരിപ്പൂരിൽ നിന്നായിരുന്നു രാവിലെ ആദ്യ വിമാനമെത്തിയത്. പുലർച്ചെ ജിദ്ദയിലെത്തിയ ഹാജിമാർ ബസ് മാർഗം മക്കയിലെത്തി. തടിച്ചു കൂടിയ നൂറു കണക്കിന് വളണ്ടിയർമാർക്കിടയിലൂടെ ഹാജിമാർ സ്വീകരണം ഏറ്റുവാങ്ങി താമസ കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. മക്ക അസീസിയയിലെ കെട്ടിടങ്ങളിലാണ് ഹാജിമാർക്ക് താമസം. യാത്ര കഴിഞ്ഞെത്തിയ തീർഥാടകർക്ക് ഹജ്ജ് സർവീസ് കമ്പനി ഭക്ഷണം വിതരണം ചെയ്തു. ആദ്യമെത്തിയ സംഘങ്ങൾ ചെറിയ വിശ്രമത്തിന് ശേഷം ഉംറ ചെയ്തു. ബാക്കിയുള്ളവർ സംഘം സംഘങ്ങളായി ഉംറ കർമം പൂർത്തിയാക്കുകയും ചെയ്യും. ഹറമിലേക്ക് പോകാൻ ഹാജിമാർക്ക് മുഴു സമയം ബസ് സർവീസുണ്ട്. രാവിലെ എട്ടിനും ഉച്ചതിരിഞ്ഞ് മൂന്നിനുമുള്ള വിമാനത്തിൽ ഹാജിമാർ മക്കയിലേക്കെത്തി.
മെയ് 26ന് കൊച്ചിയിൽ നിന്നും ജൂൺ ഒന്നിന് കണ്ണൂരിൽ നിന്നും ഹാജിമാരുടെ വരവ് ആരംഭിക്കും. ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തുന്നവരുടെ എണ്ണത്തിൽ റെക്കോഡാണ് ഈ വർഷമുള്ളത്. 17883 പേരാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഇത്തവന്ന ഹജ്ജിന് എത്തുക. മുൻവർഷത്തേക്കാൾ 6516 എണ്ണം തീർഥാടകരുടെ വർദ്ധനവ്. തീർഥാടകരിൽ 7279 പേർ പുരുഷന്മാരും 10604 പേർ സ്ത്രീകളുമാണ്.കോഴിക്കോട് (കരിപ്പൂർ) എംബാർക്കേഷൻ വഴി 10430 പേരും കൊച്ചി വഴി 4273 പേരും, കണ്ണൂർ വഴി 3135 പേരുമാണ് എത്തുക.