വാഹനാപകടത്തിൽ പരിക്കേറ്റ തിരൂർ സ്വദേശി ദമ്മാമിൽ മരിച്ചു
നേരത്തെ ദുബൈയിലും ഒമാനിലും പ്രവാസിയായിരുന്നു


ദമ്മാം: സൗദിയിലെ ദമ്മാമിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ പരിയാപുരം സ്വദേശി മരിച്ചു. നെല്ലിത്തല സ്വദേശി പുഴക്കര അബ്ദുൽ സമദ് (46) ആണ് ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ മരിച്ചത്. ദമ്മാമിൽ നിന്ന് 150 കിലോ മീറ്റർ അകലെ അൽ ഹസക്ക് സമീപം ഹുറൈമ എന്ന സ്ഥലത്ത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം.
ഡെൽറ്റ ഇലക്ട്രിക്കൽ ആന്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജോലി ആവശ്യാർഥം റിയാദിൽ നിന്ന് ദമ്മാമിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. സ്വദേശി പൗരൻ ഓടിച്ച വാഹനം അബ്ദുൽ സമദിന്റെ പിക്കപ്പ് വാനിനു പിറകിൽ ഇടിച്ചുമറിഞ്ഞാണ് അപകടം. കാലിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ് ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സർജറിക്ക് ശേഷം ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം.
നേരത്തെ ദുബൈയിലും ഒമാനിലും പ്രവാസിയായിരുന്ന അബ്ദുൽ സമദ് രണ്ട് വർഷമായി സൗദിയിലാണ്. പുഴക്കര സൈതാലിക്കുട്ടി-കൂട്ടായി കക്കോട്ട് കുഞ്ഞിമാച്ചൂട്ടി ദമ്പതികളുടെ മകനാണ്. കക്കോട്ട് ജസീറയാണ് ഭാര്യ. മക്കൾ: സജ മറിയം, സാൻവ്, സഖഫ്.
സഹോദരങ്ങൾ; അബ്ദുനാസർ (ഒമാൻ), അബ്ദുറഊഫ് (ഫാമിലി സൂപ്പർമാർക്കറ്റ്, പരിയാപുരം), ജംഷീബ, സലീം വള്ളിയേങ്ങൽ (സഹോദരീ ഭർത്താവ്). ഖബറടക്കം നാളെ (വ്യാഴം) രാവിലെ 10മണിക്ക് പരിയാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി മാനേജ്‌മെന്റിനോടൊപ്പം കെഎംസിസി അൽ കോബാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവർ മുൻകൈ എടുത്തു.