സൗദിയുമായി ബന്ധം സ്ഥാപിക്കാൻ ട്രംപിന്റെ നീക്കം
യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്


റിയാദ്: സൗദിയുമായി ബന്ധം സ്ഥാപിക്കാൻ ട്രംപിന്റെ നീക്കം. അസാധാരണമായ നീക്കങ്ങളാണ് സൗദിയിൽ പോയ വാരം നടന്നത്. പ്രസിഡണ്ടായി അധികാരമേറ്റ ശേഷം ട്രംപ് ആദ്യം സംസാരിച്ചത് സൗദി കിരീടാവകാശിയോടാണ്. 600 ബില്യണിന്റെ നിക്ഷേപം യുഎസിലുണ്ടാകുമെന്ന് അന്ന് സൗദി ഓഫർ നൽകി. പശ്ചിമേഷ്യയും സംസാരത്തിൽ ചർച്ചയായി. ഇതിന് പിന്നാലെ ട്രംപിന്റെ മിഡിലീസ്റ്റ് ദൂതനായ ഡേവിഡ് വിറ്റ്കോഫ് ജനുവരി 28ന് സൗദിയിലെത്തി. ഈ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. തൊട്ടു പിന്നാലെ ഫലസ്തീൻ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെ ഉപദേശകനും ഇനി പ്രസിഡണ്ട് സാധ്യതാ പട്ടികയിലുമുള്ള ഹുസൈൻ അൽ ശൈഖുമായും വിറ്റ്കോഫും ഇതിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണിതെന്നത് ശ്രദ്ധേയമാണ്. ഇന്ന് നടക്കുന്ന ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയിലെ വിഷയങ്ങളിലൊന്നും സൗദിയാണ്. ഇസ്രയേലിന്റെ ഗസ്സ ആക്രമണത്തോടെ സൗദി ഇസ്രയേൽ ബന്ധം സ്ഥാപിക്കുന്ന ചർച്ചകൾ നിർത്തി വെച്ചിരുന്നു. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ 1967 അതിർത്തികളോടെ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള വഴിയൊരുക്കണമെന്നതാണ് സൗദിയുടെ നിബന്ധന. നിലവിലെ സാഹചര്യത്തിൽ ഗസ്സയിൽ നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റം, സൗദിക്ക് യുഎസിന്റെ സുരക്ഷാ പിന്തുണ, ആയുധക്കരാറുകൾ എന്നിവയും സൗദി നിബന്ധനയിലുണ്ട്. ഇതിന്ന് ചർച്ചയായേക്കും. ഇസ്രയേലുമായി ഒരോ ദിനവും സമാധാനത്തിലേക്ക് അടുക്കുകയാണെന്ന് 2023 സെപ്തംബറിൽ സൗദി കിരീടാവകാശി പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഹമാസിന്റെ ഇസ്രയേൽ ആക്രമണം. ഇതോടെ സ്ഥിതി മാറി. നിലവിലെ ഗസ്സയിലെ സാഹചര്യവും വെസ്റ്റ്ബാങ്കിലെ ആക്രമണവും സൗദി ജനതക്കിടയിൽ വിഷയമാണ്. മുമ്പുള്ള അത്ര എളുപ്പമല്ല ഇസ്രയേലുമായി സൗദിയുടെ ബന്ധം സ്ഥാപിക്കൽ. എങ്കിലും അത് വേഗത്തിലാക്കാനാണ് ട്രംപിന്റെ ശ്രമം. സൗദിയുമായി ഇസ്രയേലിന്റെ ബന്ധം സ്ഥാപിച്ചാൽ നോബേൽ സമ്മാനത്തിലേക്ക് ട്രംപിന് വഴിയൊരുങ്ങുമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഫലസ്തീൻ എന്ന രാഷ്ട്രമേ പാടില്ല എന്ന നിലപാടുള്ള ഇസ്രയേൽ ട്രംപിന് മുമ്പിൽ വിട്ടു വീഴ്ചക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിനും ഇന്ന് ഉത്തരമുണ്ടാകും. സൗദിയുമായി മികച്ച ബന്ധമുള്ള ബിസിനസുകാരൻ കൂടിയാണ് യുഎസ് പ്രസിഡണ്ടായ ഡോണൾഡ് ട്രംപ്. ഇരുന്നൂറ് കോടി ഡോളറിന്റെ നിക്ഷേപം ട്രംപിന്റെ മരുമകൻ ജെറാദ് കുഷ്നർക്ക് സൗദിയിലുണ്ട്.