സന്ദർശക വിസക്കാർക്ക് സൗദിയിൽ വാഹനമോടിക്കാം
അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്
ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.