മക്കയിൽ ഹാജിമാർക്കായി വളണ്ടിയർ സംഘങ്ങൾ സജീവം
കോവിഡിന് ശേഷം സമ്പൂർണ ശേഷിയിലുള്ള ഹജ്ജിനായി ഹജ്ജ് മിഷൻ 24 മണിക്കൂറും സേവനം തുടരുകയാണെന്ന് ഇന്ത്യൻ ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ
മക്കയിൽ ഹാജിമാർക്കായി വളണ്ടിയർ സംഘങ്ങൾ സജീവം. മക്കയിലെത്തിയ ഹാജിമാർക്ക് ഊഷ്മളമായ സ്വീകരണമാണ് മലയാളി വളണ്ടിയർ സംഘങ്ങൾ നൽകിയത്. കെഎംസിസി, നവോദയ, രിസാല, തനിമ, ഒഐസിസി, വിഖായ തുടങ്ങി സംഘടനകൾ ഹാജിമാർക്കായി മക്കയിൽ രംഗത്തുണ്ടായിരുന്നു. ..ഇരുപത് ലക്ഷത്തിലേറെ തീർഥാടകരാണ് ഇത്തവണ ആകെ ഹജ്ജിനെത്തുക.
മക്കയിലെ അസീസിയയിൽ താമസിക്കുന്ന ഹാജിമാർക്ക് ഹറമിലേക്ക് പോകുവാനും റൂമിലേക്ക് തിരികെ വരാനും ബസ് സർവീസുകളുണ്ട്. ഓരോരുത്തരും താമസിക്കുന്ന കെട്ടിടങ്ങളോട് ചേർന്ന് 24 മണിക്കൂറും ഷട്ടിൽ ബസ് സർവീസുകൾ ലഭ്യമാകും. ആദ്യ ദിനമെത്തിയ ഹാജിമാർ റൂമിലെത്തിയ ശേഷം ഉംറ കർമങ്ങൾക്കായി പുറപ്പെട്ടതും ഈ ബസ് ഉപയോഗപ്പെടുത്തിയാണ്.
മക്കയിലെ അസീസിയയിൽ നല്ലൊരു പങ്കും ഇന്ത്യൻ ഹാജിമാരാകും താമസിക്കുക. ആദ്യ ദിനങ്ങളിലെത്തിയ ഹാജിമാർക്കെല്ലാം കെട്ടിടങ്ങളിൽ മെച്ചപ്പെട്ട സൗകര്യം ലഭിച്ചിട്ടുണ്ട്. കോവിഡിന് ശേഷം സമ്പൂർണ ശേഷിയിലുള്ള ഹജ്ജിനായി ഹജ്ജ് മിഷൻ 24 മണിക്കൂറും സേവനം തുടരുകയാണെന്ന് ഇന്ത്യൻ ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ മീഡിയവണിനോട് പറഞ്ഞു...
ഹാജിമാർക്കായി വളണ്ടിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തും. മഹറമില്ലാതെ എത്തിയ ഹാജിമാർക്കായി പ്രത്യേകം സൗകര്യങ്ങളൊരുക്കിയതായും ഹജ്ജ് കോൺസുൽ പറഞ്ഞു.