മക്ക, മദീന ഹറമിൽ വെള്ളം ശുദ്ധീകരിക്കാനുള്ള റീസൈക്ലിങ് പ്ലാന്റ് സ്ഥാപിക്കും
ആയിരം ക്യുബിക് മീറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കുന്ന പ്ലാന്റാണ് ആദ്യം സ്ഥാപിക്കുക
മക്ക മദീന ഹറമുകളിൽ തീർഥാടകർ ശുചീകരണത്തിന് ഉപയോഗിച്ച വെള്ളം ശുദ്ധീകരിക്കാനുള്ള റീസൈക്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനം. ഇതിന്റെ ഭാഗമായുള്ള പഠനം പൂർത്തിയാക്കാൻ ഇരു ഹറം കാര്യാലയം നിർദേശിച്ചു. ഹൈടെക് റീസൈക്ലിങ് പ്ലാന്റ് സ്ഥാപിച്ച് മലിന ജലം ശുചീകരിക്കാനാണ് ശ്രമം. മക്കയിലെ ഹറമിൽ മാത്രം 566 വെള്ള ടാപ്പുകളാണുള്ളത്. അംഗ ശുദ്ധി വരുത്താനും ശുചീകരണത്തിനും ശരാശരി ഒന്നര ലിറ്റർ വെള്ളമാണ് ഒരു തീർഥാടകൻ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.
തീർഥാടനം സജീവമാകുന്ന സമയത്ത് ശരാശരി ഏഴു ലക്ഷം പേർ വരെ ഹറമിലെത്താറുണ്ട്. ഹജ്ജ് കാലത്ത് സ്ഥിതി മാറും. ഇത്രയധികം ജലം പുനരുപയോഗിക്കാനുള്ള പദ്ധതിയാണ് ഹറം കാര്യാലയം ആലോചിക്കുന്നത്. ഇതിനായി ഹൈടെക് റീസൈക്ലിങ് പ്ലാന്റ് സ്ഥാപിച്ച് ഉപയോഗിക്കുന്ന വെള്ളം ശുചീകരിക്കും. ലോകത്തെ മുന്തിയ പ്ലാന്റാകും ഇതിന് സ്ഥാപിക്കുക. മനുഷ്യ സ്പർശമില്ലാതെ പ്രവർത്തിക്കുന്ന പ്ലാന്റിലൂടെ ലക്ഷ്യം വെക്കുന്നത് ജല ഉപഭോഗം കുറക്കലാണ്. ആയിരം ക്യുബിക് മീറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കുന്ന പ്ലാന്റാണ് ആദ്യം സ്ഥാപിക്കുക. ഇതിനുള്ള പഠനം വേഗത്തിലാക്കാനാണ് ഇരു ഹറം കാര്യാലയത്തിന്റെ നിർദേശം.