ഫിലിപ്പീൻസിൽ വലിയ ഉള്ളിക്ക് 896 രൂപ; നാട്ടിലേക്ക് ഉള്ളി പെട്ടിയിലാക്കി ഫിലിപ്പീനികൾ

പണപ്പെരുപ്പം അനിയന്ത്രിതമായതോടെയാണ് വില വർധിച്ചത്

Update: 2023-01-10 14:25 GMT
Advertising

ഗൾഫിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്ന പ്രവാസികൾ, വിലയേറിയ ഇലക്ട്രോണിക് വസ്തുക്കളും ഡ്രസ്സുകളും ചോക്ലേറ്റും സുഗന്ധവസ്തുക്കളുമൊക്കെ പെട്ടിയിലാക്കുമ്പോൾ, വലിയ ഉള്ളിയും മറ്റു ചില്ലറ പച്ചക്കറികളും വാങ്ങിയാണ് ഫിലിപ്പീനികൾ ഇപ്പോൾ അവരുടെ നാട്ടിലേക്കുള്ള പെട്ടികൾ നിറക്കുന്നത്.

അൽപം, വിചിത്രമായിത്തോന്നാമെങ്കിലും സംഭവം സത്യമാണ്. നിലവിൽ അവരുടെ നാട്ടിൽ ഉള്ളി ലഭിക്കണമെങ്കിൽ 'പൊന്നും വില' നൽകണമെന്നാണ് ഫിലിപ്പീനികൾ പറയുന്നത്. യു.എ.ഇയിൽ വെറും രണ്ടു ദിർഹം മാത്രമാണ് ഉള്ളിക്ക് വിലയെങ്കിൽ, ഫിലിപ്പൈനിന്റെ കാപ്പിറ്റലായ മനിലയിൽ കിലോയ്ക്ക് 40 ദിർഹമെങ്കിലും ചെലവഴിക്കേണ്ടി വരുമെന്നതിനാലാണ് ഫിലിപ്പീനോ പ്രവാസികൾ ഉള്ളി സഞ്ചികളുമായി നാട്ടിലേക്ക് പറക്കുന്നത്.

ഫിലിപ്പീൻസിൽ പണപ്പെരുപ്പം അനിയന്ത്രിതമായതോടെയാണ്, ഇപ്പോൾ ഉള്ളിക്ക് ബീഫിനേക്കാളും കോഴിയിറച്ചിയേക്കാളുമെല്ലാം വില വർധിച്ചിരിക്കുന്നത്.

ഉള്ളി തങ്ങൾക്കിപ്പോൾ ചോക്ലേറ്റുകളുടെ സ്ഥാനത്താണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അൽപം ഉള്ളി കൊണ്ടുപോയികൊടുക്കുന്നതാണ് വിലകൂടിയ ചോക്ലേറ്റ് നൽകുന്നതിലേറെ ഇപ്പോൾ സന്തോഷകരമെന്നും ഫിലിപ്പീനികൾ തമാശ പറയുന്നു.

ഫിലിപ്പീൻസിൽ, ഇന്നലത്തെ കാർഷിക വകുപ്പിന്റെ വിപണി വില പരിശോധിച്ചാൽ, 600 പെസോ, ഏകദേശം 40 യു.എ.ഇ ദിർഹമാണ് ഒരു കിലോഗ്രാം ഉള്ളിയുടെ വില. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 896 രൂപയോളമാണ് ഫിലിപ്പൈനിൽ വലിയ ഉള്ളിയുടെ വില. അതേ സമയം, ബീഫിന് 380 മുതൽ 480 പെസോ വരെയും കോഴിയിറച്ചിക്ക് 180 മുതൽ 220 പെസോ വരെയുമാണ് അവിടെ നിലവിലെ മാർക്കറ്റ് വില.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News