'ഐ പ്ലാഡ്ജ് ടു ഫുഡ് സേഫ്റ്റി'; ഭക്ഷ്യസുരക്ഷാ കാമ്പയ്നുമായി ദുബൈ മുനിസിപ്പാലിറ്റി
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ 'ഐ പ്ലാഡ്ജ് ടു ഫുഡ് സേഫ്റ്റി' കാമ്പയ്നുമായി ദുബൈ മുനിസിപ്പാലിറ്റി. ഭക്ഷ്യസുരക്ഷ എല്ലാവരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് ഉറപ്പാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ ദുബൈ നിവാസികളോട് അധികൃതർ ആവശ്യപ്പെട്ടു.
വീടുകളിലും ഓഫീസുകളിലും ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാനാണ് ആഹ്വാനം. വീട്ടമ്മമാർ, കുട്ടികൾ, വീട്ടുജോലിക്കാർ, ഭക്ഷണസാധനങ്ങൾ പാചകം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും കാമ്പയിൻ ഒരുക്കുന്നത്.
ഇതിനായി പൊതു സ്ഥലങ്ങളിലും പരിസരങ്ങളിലും ഭക്ഷ്യ സുരക്ഷാ നടപടികളെക്കുറിച്ച് ബോധവൽക്കരണ കാമ്പയ്നുകൾ നടത്തും. 16ാമത് ദുബൈ ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിലാണ് (ഡിഐഎഫ്എസ്സി) ഇക്കാര്യം പ്രഖ്യാപിച്ചത്.