ഈദുൽ ഫിത്ർ; യു.എ.ഇയിൽ വർഷത്തിലെ ഏറ്റവും നീണ്ട അവധി
ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകളിൽ സൗജന്യ പാർക്കിംഗ്
ശവ്വാൽ ചന്ദ്രക്കല കാണാത്തതിനാൽ യു.എ.ഇയടക്കമുള്ള ഗൾഫ് നാടുകളിൽ റമദാൻ 30 പൂർത്തിയാക്കി ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാനിലെ പെരുന്നാൾ ഇന്ന് മാസം കാണുമോയെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. പെരുന്നാളിനായി യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് വാരാന്ത്യങ്ങൾ ഉൾപ്പെടെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും. വർഷത്തിലെ ഏറ്റവും നീണ്ട അവധിയാണിതെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 8 (റമദാൻ 29) തിങ്കളാഴ്ച ആരംഭിച്ച അവധി ആഴ്ച മുഴുവൻ നീണ്ടുനിൽക്കും. അവധിക്ക് മുമ്പും ശേഷവുമുള്ള വാരാന്ത്യങ്ങൾ ഉൾപ്പെടെ (ഏപ്രിൽ 6 മുതൽ 14 വരെ) ഒമ്പത് ദിവസത്തെ അവധിയാണ് യു.എ.ഇ നിവാസികൾക്ക് ലഭിക്കുക. അവധി കഴിഞ്ഞ് ഏപ്രിൽ 15നാണ് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടത്. അവധിക്കാലത്ത് നിരവധി ഇളവുകളും മാറ്റങ്ങളും യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നടപ്പാക്കുന്നുണ്ട്.
സൗജന്യ പാർക്കിംഗ്
ദുബൈ: ആഴ്ചയിൽ സാധാരണ ഫ്രീ പാർക്കിംഗ് ദിവസമായ ഏപ്രിൽ ഏഴ് ഞായറാഴ്ച മുതൽ ദുബൈയിൽ സൗജന്യ പാർക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 12 വെള്ളിയാഴ്ച വരെ ഇത് സൗജന്യമായി തുടരും. ആറ് ദിവസത്തെ സൗജന്യ പാർക്കിംഗാണ് ഇതിലൂടെ നൽകുന്നത്. ഏപ്രിൽ 13 ശനിയാഴ്ച മുതൽ പതിവ് നിരക്കുകൾ ബാധകമാണ്.
അബൂദബി: യു.എ.ഇ തലസ്ഥാനമായ അബൂദബിയിൽ ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെയാണ് പാർക്കിംഗ് സൗജന്യം. അവധിക്ക് മുമ്പുള്ള ഞായറാഴ്ച ഉൾപ്പെടെ എട്ട് ദിവസത്തെ സൗജന്യ പാർക്കിംഗാണ് ലഭിക്കുക. ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ പാർക്കിംഗ് നിരക്കുകൾ ബാധകമാകും.
ഷാർജ: നീല സൈൻബോർഡുകൾ ഒഴികെയുള്ള എല്ലാ സോണുകളിലും ഏപ്രിൽ 10 ബുധനാഴ്ച മുതൽ ഏപ്രിൽ 12 വെള്ളിയാഴ്ച വരെ പാർക്കിംഗ് സൗജന്യമാണ്. അതായത് മൂന്ന് ദിവസത്തെ സൗജന്യ പാർക്കിംഗ്. ഏപ്രിൽ 13 ശനിയാഴ്ച മുതൽ നിരക്കുകൾ ബാധകമാകും.
ടോൾ സമയങ്ങൾ
അബൂദബിയിൽ ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെ ഡാർബ് ടോൾ ഗേറ്റുകൾക്ക് വഴിയുള്ള യാത്ര സൗജന്യമായിരിക്കും.
ഈദ് പ്രാർത്ഥന സമയങ്ങൾ
ദുബൈ: രാവിലെ 6.20
ഷാർജ: രാവിലെ 6.17
അബൂദബി: രാവിലെ 6.22
അജ്മാനും ഉമ്മുൽ ഖുവൈനും: രാവിലെ 6.17
റാസൽഖൈമയും ഫുജൈറയും: രാവിലെ 6.15