യുഎഇയുടെ ദേശീയ പതാകയുണ്ടാക്കിയ പതിനെട്ടുകാരൻ
നാലായിരം ദീനാറാണ് ആ ചെറുപ്പക്കാരന് അന്ന് സമ്മാനമായി ലഭിച്ചത്.
ദേശീയ ദിനാഘോഷങ്ങളുടെ നിറവിലാണ് യുഎഇ. രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പ്രതിഫലിക്കുന്ന ചതുർവർണ പതാക ആകാശത്തു പാറിക്കളിക്കുമ്പോൾ അതു വരച്ചെടുത്ത കലാകാരനെ കൂടി ഓർത്തെടുക്കണമിപ്പോൾ. അന്ന് കൗമാരം പിന്നിടാത്ത ആ പയ്യന്റെ കഥയിങ്ങനെയാണ്.
ഏഴു എമിറേറ്റുകൾ ഒന്നിച്ചു ചേർന്ന് യുഎഇ യൂണിയനായി മാറിയ 1971. പുതിയ രാജ്യത്തിന്റെ ഐക്യവും പരമാധികാരവും പ്രതിഫലിക്കുന്ന പതാകയ്ക്കായുള്ള ആലോചന അവസാനമെത്തിയത് ഒരു മത്സരത്തിലാണ്. ഇത്തിഹാദ് പത്രത്തിൽ സർക്കാർ അതിനായി ഒരു പരസ്യം ചെയ്തു.
ഡിസൈൻ സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് അബ്ദുല്ല മുഹമ്മദ് അൽ മഈനി എന്ന പതിനെട്ടുകാരൻ ഈ പരസ്യം കാണുന്നത്. ഒരു കൈ നോക്കാമെന്ന് ചിന്തിച്ചു അബ്ദുല്ല. നല്ലൊരു ചിത്രം വരയ്ക്കാനുള്ള നിറവും പെൻസിലുമൊന്നും കൈയിലില്ല. തൊട്ടടുത്തുള്ള കടയിൽ പോയി കൈയിലിരുന്ന കാശിന് ഡ്രോയിങ് സാധനങ്ങൾ വാങ്ങി. വരയാരംഭിച്ചു. രാവേറെച്ചെന്നും വരച്ചു. വെട്ടിയും തിരുത്തിയും മുമ്പോട്ടു പോയി. ഡെഡ്‌ലൈനിന് മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ തൃപ്തി വന്ന ആറ് പതാകകളുടെ ഡിസൈൻ കവറിലാക്കി. അബൂദബിയിലെ കാപിറ്റൽ പോസ്റ്റ് ഓഫീസിൽ നിന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലേക്ക് തപാലയച്ചു.
പിന്നെ കാത്തിരിപ്പിന്റെ നാളുകളായി. ആകെ 1030 ഡിസൈനുകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ നിന്ന് വിജയിയെ തെരഞ്ഞെടുത്തത് അമീരി ദിവാൻ. 1971 ഡിസംബർ രണ്ടിന് മുഷ് രിഫ് പാലസിൽ ദേശീയ പതാക ഉയരുന്നത് അബ്ദുല്ല ടിവിയിൽ കണ്ടു. പിന്നെ പാലസിലേക്ക് ഒരോട്ടമായിരുന്നു. അര മണിക്കൂർ ഓടി കിതച്ചെത്തിയ അബ്ദുല്ലയ്ക്ക് മുമ്പിൽ കൊട്ടാരത്തിനകത്ത് പാറിക്കളിക്കുന്ന പതാക. അതുകണ്ട് ആ പയ്യൻ നിർവൃതി കൊണ്ടു. അഭിമാനം കൊണ്ട് മനസ്സു നിറഞ്ഞു.
നാലായിരം ദീനാറാണ് അബ്ദുല്ലയ്ക്ക് അന്ന് സമ്മാനമായി ലഭിച്ചത്. എന്നാൽ ഒരു തുകയ്ക്കും വില മതിക്കാനാകാത്ത അഭിമാനവും ആഹ്ലാദവുമാണ് അതിനേക്കാൾ വലുതെന്ന് പിന്നീട് പലകുറി പറഞ്ഞിട്ടുണ്ട് അബ്ദുല്ല.