കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകിയേക്കും
യു.എ.ഇ നഗരമേഖലകളിലും സൗദിയിലും മഴ ശമിച്ചെങ്കിലും ഒമാനിൽ നാളെയും മഴ തുടരും
ദുബൈ: യു.എ.ഇയിൽ ഇന്ന് രാവിലെ അനുഭവപ്പെട്ട ശക്തമായ കാറ്റും മഴയും ദുബൈയിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചു. നിരവധി വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. യു.എ.ഇ നഗരമേഖലകളിലും സൗദിയിലും മഴ ശമിച്ചെങ്കിലും ഒമാനിൽ നാളെയും മഴ തുടരും. യു.എ.ഇയിലെ അബൂദബി, ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിൽ തീരപ്രദേശങ്ങളിലും, ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലകളിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു.
ദോഹ തീരത്ത് നിന്ന് എത്തിയ മഴ മേഘങ്ങൾ മണിക്കൂറുകളോളം യു.എ.ഇയിൽ പെയ്ത ശേഷം വൈകുന്നേരത്തോടെ ഒമാനിലേക്ക് നീങ്ങി. മഴ ശമിച്ചെങ്കിലും അബൂദബി, ദുബൈ, ഷാർജ തുടങ്ങി മിക്ക നഗരങ്ങളിലും റോഡിൽ വെള്ളകെട്ട് തുടരുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ സജീവമായി രംഗത്തുണ്ട്. ദുബൈയിൽ പാർക്കുകളും ബീച്ചുകളും ഇന്നലെ മുതൽ അടച്ചിരിക്കുകയാണ്. ഇന്റർസിറ്റി ബസുകൾ റദ്ദാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് നാളെയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. ഖത്തറിലും ഇന്നലെ രാത്രി മഴപെയ്തിരുന്നു.
സൗദിയിൽ മഴ ശമിച്ചതോടെ റിയാദിലെ സ്‌കൂളുകൾ സാധാരണ നിലയിലേക്ക് മടങ്ങി. എന്നാൽ, ഒമാനിൽ നാളെയും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. യു.എ.ഇയിലെ വിവിധ നഗരങ്ങളിലെ വെള്ളക്കെട്ട് കണക്കിലെടുത്ത് നാളെയും വിദ്യാലയങ്ങൾക്ക് ഓൺലൈൻ പഠനം നിർദേശിച്ചിട്ടുണ്ട്.