ഇന്ത്യ-പാക് ക്രിക്കറ്റ്; വീണ്ടും ചൂടപ്പം പോലെ വിറ്റുപോയി ടിക്കറ്റുകൾ
ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഫെബ്രുവരി 23നാണ് ഇന്ത്യ-പാക് പോരാട്ടം


ദുബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യ-പാക് മത്സരത്തിലെ ടിക്കറ്റുകളുടെ ഡിമാൻഡ് തുടരുന്നു. ഇന്ന് വില്പനയ്ക്കുണ്ടായിരുന്ന അധിക ടിക്കറ്റുകൾ മിനിറ്റുകൾക്കകമാണ് വിറ്റുപോയത്. പരമ്പരാഗത വൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കൊമ്പുകോർക്കുന്ന മത്സരത്തിലെ അധിക ടിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇന്ന് വില്പന നടത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടു മുതലായിരുന്നു വില്പന. ആരംഭിച്ച് പത്തുമിനിറ്റിനകം എല്ലാ ടിക്കറ്റുകളും വിറ്റുപോയി.
ഫെബ്രുവരി മൂന്നിനായിരുന്നു മത്സരത്തിന്റെ ആദ്യഘട്ട ടിക്കറ്റ് വില്പന. ഒരു മണിക്കൂറിനകം എല്ലാ ടിക്കറ്റുകളും അന്ന് വിറ്റുപോയിരുന്നു. ഡിമാൻഡ് കണക്കിലെടുത്താണ് ഐസിസി ആരാധകർക്കായി അഡീഷണൽ ടിക്കറ്റുകൾ സജ്ജമാക്കിയത്. എത്ര ടിക്കറ്റുകളാണ് അധികമായി നൽകിയത് എന്നതിൽ വ്യക്തതയില്ല.
ദുബൈയിൽ നടക്കുന്ന ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും ഒന്നാം സെമി ഫൈനലിനും അധിക ടിക്കറ്റുകൾ ലഭ്യമായിരുന്നു. അഞ്ഞൂറ് ദിർഹമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഏകദേശം പന്ത്രണ്ടായിരം ഇന്ത്യൻ രൂപ. അയ്യായിരം ദിർഹം വിലയുള്ള ദ ഗ്രാന്റ് ലോഞ്ച് ടിക്കറ്റിനാണ് കൂടിയ നിരക്ക്. ഏകദേശം 1,18,600 ഇന്ത്യൻ രൂപ. ടിക്കറ്റ് മുഴുവൻ വിറ്റഴിഞ്ഞെങ്കിലും ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കരിഞ്ചന്ത വഴി ടിക്കറ്റ് ലഭ്യമാണ്. അഞ്ഞൂറു ദിർഹമുള്ള ടിക്കറ്റിന് 3,500 ദിർഹം വരെയാണ് ചോദിക്കുന്ന വില.
ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഫെബ്രുവരി 23നാണ് ഇന്ത്യ-പാക് പോരാട്ടം. ഫെബ്രുവരി ഇരുപതിന് ബംഗ്ലാദേശുമായും മാർച്ച് രണ്ടിന് ന്യൂസിലാൻഡുമായും ഇന്ത്യ ഏറ്റുമുട്ടും. മാർച്ച് നാലിന് നടക്കുന്ന ഒന്നാം സെമിഫൈനലിനും ദുബൈയാണ് വേദിയാകുന്നത്. ഇന്ത്യ ഫൈനലിലെത്തിയാൽ മാർച്ച് ഒമ്പതിലെ കലാശപ്പോരിനും ദുബൈ ആതിഥേയത്വം വഹിക്കും.