അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ-യുഎഇ വിമാനനിരക്ക് കുറയും: ഇന്ത്യയിലെ യുഎഇ സ്ഥാനപതി
പ്രവാസികൾക്ക് നൂറു കോടി യുഎസ് ഡോളർ വരെ ടിക്കറ്റ് നിരക്കിൽ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ


ദുബൈ: അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാനനിരക്കിൽ വലിയ കുറവുണ്ടാകുമെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി. 20 ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നതെന്നും വരും വർഷങ്ങളിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകൾ ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ വിമാന യാത്രയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്നതാണ് സ്ഥാനപതി അബ്ദുൽ നാസർ അൽ ഷാലിയുടെ പ്രഖ്യാപനം. യുഎഇയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് വരുംവർഷങ്ങളിൽ സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനനിരക്കുകൾ കുറയുന്നതു വഴി പ്രവാസികൾക്ക് നൂറു കോടി യുഎസ് ഡോളർ വരെ ടിക്കറ്റ് നിരക്കിൽ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുമായി 4:1 എയർ കണക്ടിവിറ്റിയാണ് യുഎഇയുടെ നിർദേശം. ഇന്ത്യൻ കമ്പനികൾ മുമ്പോട്ടു വന്നാൽ ഈ അനുപാതം 3:1, 2:1, 1:1 എന്ന നിലയിലേക്ക് മാറ്റാനും യുഎഇ സന്നദ്ധമാണ്. വ്യോമയാന മേഖലയിൽ മത്സരം ശക്തമാക്കുകയും ഇന്ത്യയിലെ വിവിധയിടങ്ങളിലേക്ക് നേരിട്ടുള്ള കണക്ടിവിറ്റി ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ടു ടയർ, ത്രീ ടയർ നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും നാസർ അൽ ഷാലി പറഞ്ഞു.
ഇന്ത്യ-യുഎഇ ഉഭയകക്ഷി സഹകരണത്തിൽ ഏറ്റവും മുന്തിയ പരിഗണനയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന യാത്രയ്ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ സർവീസ് ആരംഭിക്കുന്നതു വഴി വിമാനക്കമ്പനികൾ തമ്മിൽ മത്സരമുണ്ടാകും. ഇത് നിരക്കു കുറയ്ക്കാൻ സഹായകരമാകും- അൽ ഷാലി കൂട്ടിച്ചേർത്തു.
കൂടുതൽ യുഎഇ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വെല്ലുവിളിയാകും. അടിസ്ഥാന സൗകര്യങ്ങളടക്കം വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതമാകുകയും ചെയ്യും.