ഇന്ത്യ-യു.എ.ഇ എണ്ണയിതര വ്യാപാരത്തിൽ കുതിപ്പ്

2024 വർഷത്തിലെ ആദ്യ പത്തു മാസത്തിൽ എണ്ണയിതര വ്യാപാരത്തിൽ 22 ശതമാനം വർധന

Update: 2025-01-15 17:02 GMT
Advertising

ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണയിതര വ്യാപാരത്തിൽ വൻ കുതിപ്പ്. 2024 വർഷത്തിലെ ആദ്യ പത്തു മാസത്തിൽ എണ്ണയിതര വ്യാപാരത്തിൽ 22 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. യുഎഇയുടെ ഏറ്റവും വലിയ മൂന്നാത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ.

2024 ഒക്ടോബർ അവസാനം വരെ 5,380 കോടി യുഎസ് ഡോളറിന്റെ എണ്ണയിതര വ്യാപാരമാണ് ഇരുരാഷ്ട്രങ്ങളും തമ്മിൽ നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 22.6 ശതമാനത്തിന്റെ വർധനയാണ് മേഖലയിൽ രേഖപ്പെടുത്തിയതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം പറയുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ ദൃഢത അടയാളപ്പെടുത്തുന്നതാണ് കണക്കുകൾ. ഇരുരാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള സമഗ്രസാമ്പത്തിക പങ്കാളിത്ത കരാറാണ് വ്യാപാരത്തിൽ പ്രതിഫലിച്ചത്.

വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 മേയിലാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അഥവാ സെപ ഒപ്പുവച്ചത്. നേരത്തെ ഊർജ മേഖലയിൽ മാത്രമുണ്ടായിരുന്ന വ്യാപാര ബന്ധമാണ് സെപയിലൂടെ മറ്റു മേഖലയിലേക്കും വ്യാപിച്ചത്. 2030 ഓടെ നൂറ് ബില്യൺ യുഎസ് ഡോളറിന്റെ എണ്ണയിതര വ്യാപാരമാണ് കരാർ ലക്ഷ്യം വയ്ക്കുന്നത്.

2022-23 ലെ കണക്കു പ്രകാരം 8,365 കോടി യുഎസ് ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം. 2013-14 കാലയളവിൽ ഇത് 5950 കോടി യുഎസ് ഡോളർ മാത്രമായിരുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ മൂന്നിലൊന്നും പെട്രോളിയം ഉത്പന്നങ്ങളാണ്. കഴിഞ്ഞ നവംബറിൽ മാത്രം 612 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ അറബ് രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്തത്. മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഇറക്കുമതിയിൽ 109.57 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതിയിൽ 11.38 ശതമാനത്തിന്റെ വർധനയുമുണ്ടായി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News