ചോക്ല്‌ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം; തട്ടിപ്പിനിരയായത് നൂറിലധികം മലയാളികൾ

തട്ടിപ്പ് നടത്തിയത് ഫേസ്ബുക്കും, വാട്ട്‌സ്ആപ്പും വഴി

Update: 2022-11-18 04:03 GMT
Advertising

യു.എ.ഇയിലെ ചോക്ല്‌ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നടന്ന വൻ വിസാ തട്ടിപ്പിൽ കുടുങ്ങിയത് നൂറിലധികം മലയാളികൾ. ഫാമിലി സ്റ്റാറ്റസ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് കുട്ടികളുള്ള കുടുംബത്തെയും അബൂദബിയിലെത്തിച്ച് കബളിപ്പിച്ചിട്ടുണ്ട്.

മണിചെയിൻ മാതൃകയിലാണ് ഇവർ ഇരകളെ വലയിലാക്കുന്നത്. തട്ടിപ്പിന്റെ ഇരകൾ അജ്മാനിൽ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ് നിലവിൽ. ഫേസ്ബുക്കും വാട്ട്‌സ്ആപ്പും വഴി നടത്തിയ തട്ടിപ്പിന് പിന്നിൽ ചരട് വലിച്ചവരെ, ഇരകൾ ഇതുവരെ നേരിൽ കണ്ടിട്ടുപോലുമില്ലെന്നതാണ് വസ്തുത. ഖൊർഫുക്കാനിലെ ചോക്ലേറ്റ് കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കിൽ കണ്ട ഈ പരസ്യത്തിലേക്ക് സി.വി അയച്ചവരാണ് തട്ടിപ്പിൽപെട്ടത്.

ജോലിക്ക് അപേക്ഷിച്ചവരോടെല്ലാം പരിചയമുള്ളവരെ കൂടി ഇതിന്റെ ഭാഗമാക്കാൻ ആവശ്യപ്പെട്ടു. ഓരോരുത്തിൽനിന്നും മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപവരെ ഈടാക്കി. പണം നിക്ഷേപിക്കാൻ പല അക്കൗണ്ടുകൾ നൽകി. കൂടുതൽപേരെ ചേർത്താൽ വിസയുടെ ഫീസിലും ടിക്കറ്റ് നിരക്കിലും ഇളവുണ്ടാകും എന്നായിരുന്നു വാഗ്ദാനം. ഇതോടെ ഇരകൾ തന്നെ കൂടുതൽ ഇരകളെ ചേർത്തു.

ഫാമിലി സ്റ്റാറ്റസ് നൽകാം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് അമ്മയും രണ്ട് മക്കളും ഭർത്താവുമായി ഹരിത അബൂദബിയിലെത്തിയത്. പരസ്യത്തിൽ പറയുന്ന കമ്പനി തന്നെ നിലവിലില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തട്ടിപ്പിന് നേതൃത്വം നൽകി എന്ന് പറയുന്ന അമീർ മുസ്തഫയെ ഇവരാരും നേരിൽ കണ്ടിട്ടില്ല.

ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന ഇവർക്ക് അജ്മാനിലെ ഇന്ത്യൻ സോഷ്യൽ സെന്ററാണ് സഹായം നൽകുന്നത്. എഞ്ചിനീയറിങ്, ഹോട്ടൽമാനേജ്‌മെന്റ് ബിരുദധാരികൾ വരെ കുടുങ്ങിപോയവരിലുണ്ട്. ചിലരെ ബന്ധുക്കളുടെ സഹയാത്തോടെ നാട്ടിലേക്ക് മടക്കി അയച്ചു. കോടികളുടെ വിസാ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News