ദേശീയദിനം; 1000 ദിർഹത്തിന്റെ പുതിയ പോളിമർ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ
Update: 2022-12-02 10:51 GMT


51ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ പുതിയ കറൻസി പുറത്തിറക്കി. ആയിരം ദിർഹമിന്റെ പോളിമർ കറൻസി നോട്ടുകളാണ് സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. സാധാരണ കടലാസ് കറൻസികൾക്ക് പകരമാണ് ഏറെ കാലം നിലനിൽക്കുന്ന പോളിമർ കറൻസികൾ പുറത്തിറക്കുന്നത്.
വ്യാജ കറൻസികൾ ഒഴിവാക്കാൻ അനുകരിക്കാൻ കഴിയാത്ത സുരക്ഷാ സംവിധാനങ്ങളും പുതിയ കറൻസികളുടെ പ്രത്യേകതയാണെന്ന് സെൻട്രൽബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടി. നേരത്തേ അഞ്ച്, പത്ത്, അമ്പത് ദിർഹമിന്റെ പോളിമർ കറൻസികളും യു.എ.ഇ പുറത്തിറക്കിയിരുന്നു.
രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രങ്ങൾക്കൊപ്പം രാജ്യത്തിന്റെ ശാസ്ത്രരംഗത്തെ മുന്നേറ്റങ്ങളെ സൂചിപ്പിക്കാൻ യു.എ.ഇയുടെ ആദ്യ ആണവോർജ നിലയമായ അൽബറാക്ക ന്യൂക്ലിയർ പ്ലാന്റ്, ബഹിരാകാശ സഞ്ചാരി എന്നിവയുടെ ചിത്രങ്ങളും നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.