ദുബൈയിലെ പുതുവത്സരാഘോഷം; നിർദ്ദേശങ്ങളുമായി ആർ.ടി.എ

Update: 2022-12-30 10:52 GMT
Advertising

ഗംഭീര കരിമരുന്ന് പ്രയോഗങ്ങളും ലേസർഷോകളുമായി നാളെ രാത്രി ബുർജ് ഖലീഫയിൽ ന്യൂഇയർ ആഘോഷങ്ങൾ നടക്കുമ്പോൾ, ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ആർ.ടി.എയും ദുബൈ പൊലീസും.

രണ്ട് ലോക റെക്കോർഡുകൾ പിറക്കാൻ പോകുന്ന ബുർജ് ഖലീഫയിലെ ആഘോഷങ്ങളിൽ പങ്കെടക്കാൻ ആഗ്രഹിക്കുന്നവർ, അതിനുള്ള തയാറെടുപ്പുകൾ വളരെ നേരത്തെ തന്നെ നടത്തണം. റോഡ് മാർഗ്ഗം അവിടെയെത്താൻ ആഗ്രഹിക്കുന്നവർ ആർ.ടി.എയുടെ എല്ലാ ട്രാഫിക് നിർദ്ദേശങ്ങളും പാലിക്കണം.

പ്രധാനപ്പെട്ട പല റോഡുകളിലും രാവിലെ മുതൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സാധ്യത. പാർക്കിങ്ങും ട്രാഫിക് ജാമുകളും വലിയ വെല്ലുവിളിയാകുമെന്ന് ആശങ്കപ്പെടുന്നവർക്ക്, ദുബൈ മെട്രോയെ ആശ്രയിക്കാം.

മെട്രോയിലൂടെ ബുർജ് ഖലീഫയിലേക്ക് പുറപ്പെടുന്നവർക്ക് നാളെ പ്രധാനമായും മൂന്ന് റൂട്ടുകളാണ് ഉപയോഗിക്കാൻ സാധിക്കുക. ബുർജ് ഖലീഫ-ദുബൈ് മാൾ സ്റ്റേഷനിൽ നിന്ന് രണ്ട് മാർഗ്ഗങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ഒന്ന് കുടുംബങ്ങളെ, ഐലൻഡ് പാർക്കിലേക്കും ടവർ വ്യൂവിനു പിന്നിലുള്ള പ്രദേശത്തേക്കും എത്തിക്കുന്ന വഴിയാണ്. കുടുംബങ്ങളല്ലാത്ത മറ്റുള്ളവർക്ക് സൗത്ത് റിഡ്ജിലേക്ക് എത്തിച്ചേരാനുള്ളതാണ് രണ്ടാമത്തെ വഴി.

ഫിനാൻഷ്യൽ സെന്റർ മെട്രോ സ്റ്റേഷൻ വഴി വരുന്നവർക്ക്, ബൊളിവാർഡ് ഏരിയയിലേക്ക് പോകുന്ന കുടുംബങ്ങൾക്കായി ഒരു വഴിയും മറ്റുള്ളവർക്ക് സൗത്ത് എഡ്ജ് ഏരിയയിലേക്ക് പോകാനായി മറ്റൊരു വഴിയും സജ്ജീകരിക്കും.

ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽനിന്ന് ഡൗൺടൗൺ ഏരിയയിലേക്ക് നേരിട്ട് പോകാൻ പ്രത്യേകം അടയാളപ്പെടുത്തിയ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ദുബൈ പൊലീസ് ആവശ്യപ്പെടുന്നത്.

ദുബൈ മാൾ മെട്രോ സ്‌റ്റേഷനിലേക്കുള്ള സർവിസുകൾ വൈകുന്നേരം 5 മണിയോടെയോ, അല്ലെങ്കിൽ സ്റ്റേഷന്റെ കപ്പാസിറ്റി കവിയുന്നതോടെയോ താൽക്കാലികമായി നിർത്തലാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News