'യു.എ.ഇയുടെ ദ്വീപുകൾ ഇറാൻ കൈമാറണം'; പിന്തുണച്ച് റഷ്യ
ഗ്രേറ്റർ, ലെസർ, അബൂ മൂസ എന്നീ മൂന്ന് ദ്വീപുകളാണ് ഇറാൻ കൈയടക്കിവച്ചിരിക്കുന്നത്
ദുബൈ: ഇറാന്‍റെ അധീനതയിലുള്ള തങ്ങളുടെ മൂന്ന് ദ്വീപുകൾ വിട്ടുകിട്ടണമെന്ന യു.എ.ഇയുടെ ആവശ്യത്തെ പിന്തുണച്ച് റഷ്യ. സമാധാനപരമായ ചർച്ചകളിലൂടെ ദ്വീപുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം മോസ്കോയിൽ ചേർന്ന ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ യോഗ തീരുമാനത്തെ റഷ്യ പിന്തുണക്കുകയായിരുന്നു. എന്നാൽ, റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി ഇറാൻ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഗ്രേറ്റർ, ലെസർ, അബൂ മൂസ എന്നീ മൂന്ന് ദ്വീപുകളാണ് ഇറാൻ കൈയടക്കിവച്ചിരിക്കുന്നത്. യു.എ.ഇയുടെ ഭാഗമായ ഇവ തിരികെ ലഭിക്കണമെന്ന് ജി.സി.സി, അറബ് രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടു വരികയാണ്. എല്ലാ ജി.സി.സി ഉച്ചകോടികളിലും ഈ ആവശ്യം ഉയരാറുണ്ട്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും യു.എ.ഇയുടെ ദ്വീപുകൾ അവർക്കു തന്നെ തിരികെ ലഭിക്കണമെന്ന നിലപാടിലുമാണ്. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യയും യു.എ.ഇ ആവശ്യത്തെ പിന്തുണച്ചു രംഗത്തുവന്നത് ജി.സിസി രാജ്യങ്ങളുടെ മുഴുവൻ രാഷ്ട്രീയ വിജയമാണ്.
എന്നാൽ, റഷ്യ നിലപാട് ഉടൻ തിരുത്തണമെന്ന് ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി ആവശ്യപ്പെട്ടു. തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള റഷ്യൻ ഇടപെടലാണിതെന്നാണ് ഇറാന്‍റെ കുറ്റപ്പെടുത്തൽ. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തീർപ്പിനും ലോകചട്ടങ്ങൾക്കും അനുസൃതമായി ദ്വീപുകളുടെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന ഉറച്ച നലപാടിലാണ് യു.എ.ഇ.
ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചതോടെ 1971ൽ സൈന്യത്തെ അയച്ച് ഇറാൻ ദ്വീപുകൾക്കു മേൽ തങ്ങളുടെ അധിനിവേശം നടത്തുകയായിരുന്നു . ഹോർമുസ് കടലിടുക്കിനോട് ചേർന്നാണ് മൂന്ന് ദ്വീപുകളും. നേരത്തെ ചൈനയും ദ്വീപുകൾക്ക് മേലുള്ള യു.എ.ഇ ഉടമസ്ഥാവകാശത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.