സേഫ് ദുബൈ, റോഡ് അപകടങ്ങളിൽ 90% കുറവ്
2007 ൽ ഒരു ലക്ഷത്തിൽ 21.7 ആയിരുന്നു അപകടനിരക്ക് എങ്കിൽ കഴിഞ്ഞ വർഷം ഇത് 1.8 മാത്രമാണ്


ദുബൈ: എമിറേറ്റിലെ വാഹനാപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി. ട്രാഫിക് ബോധവൽക്കരണങ്ങൾ ലക്ഷ്യം കണ്ടതായും അപകടരഹിത ദുബൈയാണ് ലക്ഷ്യമെന്നും ആർടിഎ വ്യക്തമാക്കി.
പതിനെട്ടു വർഷത്തിനിടെ എമിറേറ്റിലെ അപകടനിരക്ക് തൊണ്ണൂറു ശതമാനം കുറഞ്ഞു എന്നാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുടെ വിലയിരുത്തൽ. 2007 ൽ ഒരു ലക്ഷത്തിൽ 21.7 ആയിരുന്നു അപകടനിരക്ക് എങ്കിൽ കഴിഞ്ഞ വർഷം ഇത് 1.8 മാത്രമാണ്. മരണനിരക്കിലും കാൽനട യാത്രക്കാർക്ക് സംഭവിക്കുന്ന അപകടങ്ങളിലും വലിയ കുറവുണ്ടായി. മരണനിരക്ക് 4.2ൽ നിന്ന് 0.45 ആയി. കാൽനടയാത്രക്കാരുടെ അപകടനിരക്ക് 9.5 ൽ നിന്ന് 0.3 ആയും കുറഞ്ഞു.
ദുബൈ റോഡ് സുരക്ഷാ നയവുമായി ബന്ധപ്പെട്ട് ചേർന്ന റോഡ് ഗതാഗത അതോറിറ്റിയുടെയും ദുബൈ പൊലീസിന്റെയും സംയുക്ത യോഗമാണ് കണക്കുകൾ പുറത്തുവിട്ടത്. അപകട രഹിത ദുബൈ എന്ന ലക്ഷ്യത്തിലേക്കുള്ള ഫലപ്രദമായ ചുവടാണ് കുറഞ്ഞ അപകടനിരക്കെന്ന് യോഗം വിലയിരുത്തി.
ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണങ്ങളാണ് അപകടനിരക്ക് കുറയ്ക്കാൻ സഹായകരമായത്. കഴിഞ്ഞ വർഷം മാത്രം പൊലീസും അതോറിറ്റിയും ചേർന്ന് 53 ബോധവൽക്കരണങ്ങൾ നടത്തിയെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. ദുബൈ നിരത്തുകളിൽ സ്മാർട് മാനേജ്മെന്റ് സംവിധാനം കൂടി വരുന്നതോടെ അപകടങ്ങൾ ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയും യോഗത്തിൽ പങ്കെടുത്തു.