ആറുമാസത്തെ ശമ്പളം ബോണസ്: വമ്പന്‍ പ്രഖ്യാപനവുമായി എമിറേറ്റ്സ്
1,02,000 തൊഴിലാളികളാണ് എമിറേറ്റ്സ് എയർലൈൻസിന്‍റെ വിവിധ വിഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നത്
ദുബൈ: വിമാനകമ്പനിയായ എമിറേറ്റ്സ് ജീവനക്കാർക്ക് ആറുമാസത്തെ ശമ്പളം ബോണസ് പ്രഖ്യാപിച്ചു. ഇതോടൊപ്പം ഈമാസം 15 മുതൽ യാത്രക്കാർക്ക് പേപ്പർ ബോർഡിങ് പാസുകൾ നൽകുന്ന നടപടി നിർത്തുകയാണെന്നും എമിറേറ്റസ് അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷം 1090 കോടി ദിർഹം ലാഭം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എമിറേറ്റ്സ് ജീവനക്കാർക്ക് ആറ് മാസത്തെ ശമ്പളം ബോണസായി നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ബോണസ് വാഗ്ദാനവുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമിന്‍റെ ഇ-മെയിൽ ലഭിച്ചെന്ന ചില ജീവനക്കാരുടെ സാക്ഷ്യപ്പെടുത്തലിനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.
1,02,000 തൊഴിലാളികളാണ് എമിറേറ്റ്സ് എയർലൈൻസിന്‍റെ വിവിധ വിഭാഗങ്ങളിലായി സേവനമനുഷ്ഠിക്കുന്നത്. ഇതോടൊപ്പം മേയ് 15 മുതൽ ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് യാത്രക്കാർക്ക് പേപ്പർ ബോർഡിങ് പാസുകൾ നൽകുന്നത് നിർത്താനും കമ്പനി തീരുമാനിച്ചു. പകരം എസ്.എം.എസ് ആയും, ഇ-മെയിൽ വഴിയും ബോർഡിങ് പാസ് നൽകും. ആപ്പിൾ വാലേ, ഗൂഗിൾ വാലേ എന്നിവയിൽ ബോർഡിങ് പാസ് സേവ് ചെയ്യാനാകും. എമിറേറ്റ്സിന്‍റെ മൊബൈൽ ആപ്പിലും ബോർഡിങ് കാണിക്കാൻ സൗകര്യമുണ്ടാകും.