മകളുടെ മരണത്തില്‍ ലഭിച്ച ദിയാ ധനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനൊരുങ്ങി പിതാവ്
കഴിഞ്ഞ ഫെബ്രുവരിയില്‍ അജ്മാനിലെ വീടിന് സമീപത്തുനിന്നാണ് കുട്ടി അപകടത്തില്‍ പെട്ടത്
സ്വന്തം മകളുടെ ആകസ്മിക മരണത്തെതുടര്‍ന്ന് ലഭിച്ച ദിയാധനം നന്മയുടെ വഴിയില്‍ ചിലവഴിച്ച് മകളുടെ മധുര ഓര്‍മകള്‍ പുതുക്കുകയാണ് ഹസന്‍ ബിലാല്‍ എന്ന യു.എ.ഇ സ്വദേശി.
അജ്മാനില്‍ ബസ് ഡ്രൈവറുടെ അശ്രദ്ധമൂലം വിദ്യാര്‍ത്ഥിനി മരിച്ചതിനെതുടര്‍ന്ന് ലഭിച്ച ദിയാ ധനമാണ് കുട്ടിയുടെ പിതാവ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനൊരുങ്ങുന്നത്. 200,000 ദിര്‍ഹമാണ് കുഞ്ഞിന്റെ മരണത്തെതുടര്‍ന്ന് ദിയാ ധനമായി ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അജ്മാനിലെ വീടിന് സമീപത്തുനിന്നാണ് കുട്ടി അപകടത്തില്‍ പെട്ടത്. വീടിന് സമീപം ഇറങ്ങിയ ശേഷം സ്‌കൂള്‍ ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബസ് ഇടിച്ച് ശൈഖ ഹസന്‍ ബിലാല്‍ മരിച്ചത്.
അജ്മാനിലെ ഫസ്റ്റ് അപ്പീല്‍ കോടതിയാണ് ഡ്രൈവര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. ഏഷ്യക്കാരനായ പ്രതിയെ ആറ് മാസം തടവിന് വിധിച്ചതിനു പുറമേയാണ് ശൈഖയുടെ കുടുംബത്തിന് 200,000 ദിര്‍ഹം ദിയാ ധനം നല്‍കാനും വിധിച്ചത്. പ്രതി ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
മകളുടെ സ്മരണയ്ക്കായി ഏതെങ്കിലും ദരിദ്ര്യരാജ്യത്ത് പള്ളിയും കിണറും പണിയാനായി ദിയാ ധനം ഉപയോഗിക്കും. അതിനായി അജ്മാനിലെ ഒരു ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന് പണം കൈമാറാന്‍ സഹോദരനെ ഏല്‍പ്പിച്ചിരിക്കുകയാണ് ഈ പിതാവ്.