ദുബൈ വിമാനത്താവളത്തിൽ കൂറ്റൻ കോവിഡ് ലാബ്; ദിവസം ഒരു ലക്ഷം പേരുടെ സാമ്പിൾ ശേഖരിക്കാം
ദുബൈ വിമാനത്താവളത്തിൽ കൂറ്റൻ കോവിഡ് പരിശോധനാ ലാബ് തുറന്നു. വിമാനത്താവളത്തിനുള്ളിൽ ഒരുക്കുന്ന ലോകത്തെ ഏറ്റവും വലിയ കോവിഡ് പരിശോധനാ കേന്ദ്രമാണിത്. ദിവസം ഒരു ലക്ഷം സാമ്പിളുകൾ ഇവിടെ പരിശോധിക്കാൻ കഴിയും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അകത്ത് 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിപുലമായ സൗകര്യങ്ങളുള്ള കോവിഡ് പരിശോധന കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ദിവസം ഒരുലക്ഷം സാമ്പിളുകൾ പരിശോധിക്കാൻ കഴിയുമെന്ന് മാത്രമല്ല നാല് മുതൽ ആറ് മണിക്കൂർ വരെ സമയത്തിനുള്ള പരിശോധനാഫലം ലഭ്യമാക്കാനും ഈ ലാബിന് കഴിയും. ഓരോ അരമണിക്കൂറിലും ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധനക്ക് അയക്കും.
ദുബൈ എയർപോർട്ട് വൈസ് പ്രസിഡന്‍റ് ഈസ അൽ ശംസിയാണ് ലാബ് തുറന്നുകൊടുത്തത്. ദുബൈ ഹെൽത്ത് അതോറിറ്റി, പ്യവർഹെൽത്ത് എന്നിവയുമായി സഹകരിച്ചാണ് ലാബിലെ പരിശോധനകൾ സജ്ജീകരിച്ചിരിക്കുന്നത്. എക്സ്പോ 2020 മേളയുമായി ബന്ധപ്പെട്ട് ദുബൈയിലേക്ക് വൻതോതിൽ യാത്രക്കാർ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് വിപലുമായ കോവിഡ് പരിശോധനാ സൗകര്യം വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്.