'വികസനത്തിൽ ഞങ്ങൾ ഒന്നിച്ച്'; ഐക്യം ഉറപ്പിച്ച് എം.പിമാർ
പഴയ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
കേരള വികസന വിഷയത്തിൽ ഐക്യം ഉറപ്പിച്ച് എം.പിമാരായ കെ. മുരളീധരനും ജോൺ ബ്രിട്ടാസും. ദുരിതകാലത്ത് മലയാളി പുലർത്തുന്ന ഐക്യം വികസനത്തിൽ വേണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യത്തിൽ പഴയ അഭിപ്രായ ഭിന്നത ഇല്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
റെയിൽവേ വികസനത്തിലും മറ്റും ഈ ഐക്യം ഉടൻ പ്രകടമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാർജയിൽ ഗൾഫ് മാധ്യമം കമോൺ കേരളയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ഗൾഫ് മാധ്യമം കമോൺ കേരളയിൽ യുഎഇയുടെ സുസ്ഥിര വർഷാചരണത്തിന് ഇന്ത്യൻ സമൂഹത്തിന്റെ ഐക്യാദാർഢ്യം പ്രഖ്യാപിക്കുന്ന ചടങ്ങിനെത്തിയതാണ് എം.പിമാരായ കെ. മുരളീധരനും ജോൺ ബ്രിട്ടാസും. ഗൾഫ് രാജ്യങ്ങൾ പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി വികസിച്ചപ്പോൾ അനുകൂല സാഹചര്യമുണ്ടായിട്ടും കേരളത്തിന് വേണ്ടത്ര മുന്നേറാനായില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.
വികസനത്തിനായി തങ്ങൾ ഒന്നിച്ചാണെന്നായിരുന്നു ബ്രിട്ടാസിന്റെ മറുപടി. ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ച് നിൽക്കാനുള്ള കേരളത്തിന്റെ ശേഷിയെ തകർക്കാനുള്ള ശ്രമങ്ങളെയും ഒന്നിച്ചു തോൽപിക്കാനുള്ള സാമൂഹിക ശേഷി കേരളത്തിനുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.
യുഎഇ പ്രഖ്യാപിച്ച സുസ്ഥിര വർഷത്തിന് ഐക്യദാർഢ്യം അറിയിച്ച് എം.പിമാരും വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളും പ്രതിജ്ഞയെടുത്തു.